ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ പശ്ചാത്തലത്തിൽ നടത്തുന്ന ലോകകപ്പ് ഔദ്യോഗിക ഭാഗ്യചിഹ്നങ്ങളെ കുറിച്ചുള്ള ഒരു പ്രത്യേക പ്രദർശനം ദോഹ സിറ്റി സെന്ററിൽ ആരംഭിച്ചു. ഒക്ടോബർ 25-നാണ് ഖത്തർ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സംഘടിപ്പിക്കുന്ന ഈ പ്രദർശനത്തിലെത്തുന്ന സന്ദർശകർക്ക് ഇംഗ്ലണ്ടിൽ വെച്ച് നടന്ന 1966-ലെ ലോകകപ്പ് മുതൽ 2018-ലെ റഷ്യ ലോകകപ്പ് വരെയുള്ള ടൂർണമെന്റുകളിലെ ഔദ്യോഗിക ഭാഗ്യചിഹ്നങ്ങളെ അടുത്തറിയാൻ അവസരം ലഭിക്കുന്നു.

ഖത്തർ പൗരനായ മുഹമ്മദ് അബ്ദുലത്തീഫിന്റെ ഫുട്ബാൾ സ്മരണികകളുടെ ശേഖരം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് സുപ്രീം കമ്മിറ്റി ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്.

ദോഹ സിറ്റി സെൻറർ മാളിലെ ഒന്നാം നിലയിലാണ് ഈ പ്രദർശനം. 2022 ഡിസംബർ 20 വരെ ദിനവും രാവിലെ 8 മണിമുതൽ രാത്രി 10 മണിവരെ ഈ പ്രദർശനം സന്ദർശിക്കാവുന്നതാണ്.

ല ഈബ് എന്ന ലോകസഞ്ചാരിയായ കാർട്ടൂൺ കഥാപാത്രമാണ് ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ഭാഗ്യചിഹ്‌നം. ഭാഗ്യചിഹ്നങ്ങൾ അധിവസിക്കുന്ന ഒരു സമാന്തര പ്രപഞ്ചത്തിൽ നിന്നുള്ള ഒരു സന്ദർശകനാണ് ‘ല ഈബ്’.
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ഭാഗ്യചിഹ്നത്തെ പ്രമേയമാക്കിയിട്ടുള്ള ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് ഖത്തർ പോസ്റ്റ് നേരത്തെ പുറത്തിറക്കിയിട്ടുണ്ട്.