2021-ലെ ആദ്യ ഏഴ് മാസങ്ങളിലെ കണക്കുകൾ പ്രകാരം, എമിറേറ്റിൽ റോഡപകടങ്ങളെത്തുടർന്നുള്ള മരണങ്ങളിൽ 38 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ഷാർജ പൊലീസിന് കീഴിലെ ട്രാഫിക് ആൻഡ് പെട്രോൾ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്തുകൊണ്ടാണ് ട്രാഫിക് വകുപ്പ് ഇക്കാര്യം അറിയിച്ചത്.
റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനുള്ള യു എ ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യം കൈവരിക്കുന്നതിനായി, റോഡപകടങ്ങൾ കുറക്കുന്നതിനും, ട്രാഫിക് അപകടങ്ങളിൽ മരണം സംഭവിക്കുന്നതിനുള്ള സാധ്യതകൾ പരമാവധി ഒഴിവാക്കുന്നതിനും അധികൃതർ നടപ്പിലാക്കിയ നടപടികൾ ഏറെ സഹായകമായതായും, ഈ സുരക്ഷാ നടപടികൾ തുടരുമെന്നും ട്രാഫിക് ആൻഡ് പെട്രോൾ വകുപ്പ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അല്ലയ് അൽ നഖ്‌ബി വ്യക്തമാക്കി. റോഡപകടങ്ങൾക്ക് കാരണമാകുന്ന പ്രധാന കാരണങ്ങൾ കണ്ടെത്തി അവ തടയുന്നതിനും, അവ ഒഴിവാക്കുന്നതിനുമായുള്ള വേഗതയാർന്നതും, അനുയോജ്യമായതുമായ പരിഹാരമാർഗങ്ങൾ നടപ്പിലാക്കുന്നതിൽ ഷാർജ പോലീസ് അത്യന്തം ശ്രദ്ധ ചെലുത്തുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രാഫിക് ആൻഡ് പെട്രോൾ വകുപ്പ് എമിറേറ്റിൽ നടപ്പിലാക്കിയ വിവിധ സുരക്ഷാ നടപടികളും, സമൂഹത്തിൽ സുരക്ഷിത ഡ്രൈവിംഗ് ശീലങ്ങൾ സംബന്ധിച്ച് അവബോധം നൽകുന്നത് ലക്ഷ്യമിട്ടുളള പ്രചാരണ പരിപാടികളും റോഡപകടങ്ങളെത്തുടർന്നുള്ള മരണം കുറയ്ക്കുന്നതിന് സഹായിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രാഫിക് അവബോധം വളർത്തുന്നതിൽ മാധ്യമങ്ങൾ നിർവഹിച്ച പങ്കിനെക്കുറിച്ചും അദ്ദേഹം പ്രത്യേകം പരാമർശിച്ചു.
WAM