ട്രേഡ് സെന്റർ റൗണ്ട്എബൌട്ട് വികസനത്തിനായി 696 മില്യൺ ദിർഹം മൂല്യമുള്ള ഒരു പദ്ധതിയ്ക്ക് അംഗീകാരം നൽകിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഒക്ടോബർ 27-നാണ് RTA ഇക്കാര്യം അറിയിച്ചത്.
ഈ പദ്ധതിയുടെ ഭാഗമായി അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുമെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്. ഈ പദ്ധതിയിലൂടെ ട്രേഡ് സെന്റർ റൗണ്ട്എബൌട്ടിനെ ഒരു പ്രധാന ഇന്റർസെക്ഷൻ എന്ന രീതിയിലേക്ക് നവീകരിക്കുന്നതിനാണ് RTA ലക്ഷ്യമിടുന്നത്.
ഇത് ഈ മേഖലയിലെ ട്രാഫിക് സുഗമമാക്കുമെന്ന് RTA അറിയിച്ചു. ആകെ അയ്യായിരം മീറ്റർ നീളത്തിലുള്ള അഞ്ച് പാലങ്ങൾ വരുന്നതോടെ ഈ റൗണ്ട്എബൗട്ട് മേഖലയിലെ പ്രധാന റോഡുകളെ സുഗമമായി പരസ്പരം ബന്ധിപ്പിക്കാനാകുന്നതാണ്.
ഇതോടെ ഈ മേഖലയിലെ യാത്രാ സമയം നിലവിലെ 12 മിനിറ്റിൽ നിന്ന് കേവലം ഒന്നര മിനിറ്റാക്കി കുറയ്ക്കാനാകുന്നതാണ്. ഈ ഇന്റർസെക്ഷൻ നിലവിൽ വരുന്നതോടെ ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാ സമയം നിലവിലെ ആറ് മിനിറ്റിൽ നിന്ന് കേവലം ഒരു മിനിറ്റായി ചുരുങ്ങുന്നതാണ്.
ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, 2nd ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മുസ്താഖ്ബാൽ സ്ട്രീറ്റ് എന്നീ പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന മേഖലയിലെത്തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരിടമാണ് ട്രേഡ് സെന്റർ റൗണ്ട്എബൌട്ട്.
Cover Image: Dubai Media Office.