മെട്രോ സ്റ്റേഷനുകളിലെ ഭൂരിഭാഗം ടിക്കറ്റ് വെൻഡിംഗ് മെഷീനുകളും ഡിജിറ്റൽ പണമിടപാടുകൾ നടത്താവുന്ന രീതിയിൽ നവീകരിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. ദുബായ് മെട്രോ സ്റ്റേഷനുകളിൽ ആകെയുള്ള 262 ടിക്കറ്റ് വെൻഡിംഗ് മെഷീനുകളിൽ 165 മെഷീനുകളും ഇത്തരത്തിൽ നവീകരിച്ചിട്ടുണ്ട്.
ദുബായ് മെട്രോ യാത്രികർക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടി. നവീകരിച്ച ടിക്കറ്റ് വെൻഡിംഗ് മെഷീനുകളിൽ നോൽ കാർഡ് ബാലൻസ് റീചാർജ് ചെയ്യുന്നതിനായി യാത്രികർക്ക് ഡിജിറ്റൽ പേയ്മെൻ്റ് ഇടപാടുകൾ പ്രയോജനപ്പെടുത്താവുന്നതാണ്.
റീചാർജ് ചെയ്യുന്നതിനായി ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്ന യാത്രികർക്ക് ഇത്തരം നവീകരിച്ച മെഷീനുകളിൽ നിന്ന് ബാക്കി തുക പേപ്പർ അല്ലെങ്കിൽ നാണയ കറൻസി രൂപത്തിൽ തിരികെ നൽകുന്നതിനുള്ള സജ്ജീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
പെട്ടന്ന് തിരിച്ചറിയുന്നതിനായി ഇത്തരം നവീകരിച്ച ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾക്ക് പ്രത്യേക ഡിസൈൻ, നിറം എന്നിവ നൽകിയിട്ടുണ്ടെന്ന് RTA റെയിൽ ഏജൻസി റെയിൽ ഓപ്പറേഷൻസ് ഡയറക്ടർ ഹസ്സൻ അൽ മുതവ അറിയിച്ചു.

ഇത്തരം മെഷീനുകൾ നോൽ കാർഡ് ബാലൻസ് റീചാർജ് നടപടികൾക്ക് ആവശ്യമായിരുന്ന സമയം നാല്പത് ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്ക് നോട്ടുകളും, നാണയങ്ങളും കൈകാര്യം ചെയ്യാനാകുന്ന രീതിയിലാണ് ഈ മെഷീനുകൾ ഒരുക്കിയിരിക്കുന്നത്.
WAM