രാജ്യത്തിന്റെ എല്ലാ മേഖലകളിലും നവംബർ 19, വെള്ളിയാഴ്ച്ച മുതൽ നവംബർ 22, തിങ്കളാഴ്ച്ച വരെ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സൗദിയിൽ ശിശിരകാലം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള മഴയാണിതെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യത്തിന്റെ തീരദേശ മേഖലകളിലും, മക്ക, മദീന മേഖലകളിലും കഴിഞ്ഞ ഒരാഴ്ച്ചയായി മഴ സാധ്യത തുടരുന്നുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. കഴിഞ്ഞ വാരാന്ത്യത്തിൽ ജിദ്ദ ഉൾപ്പടെയുള്ള ഏതാനം നഗരങ്ങളിൽ ലഭിച്ച ഇടിയോട് കൂടിയ കനത്ത മഴയുടെ തുടർച്ചയാണിതെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.
ഈ മഴ വെള്ളിയാഴ്ച്ച മുതൽ രാജ്യവ്യാപകമായി ലഭിക്കുമെന്നും, രാജ്യത്തിന്റെ വടക്കന്‍ മേഖലയിലും, കിഴക്കന്‍ മേഖലയിലും, ഖാസിം, റിയാദ് തുടങ്ങിയ ഇടങ്ങളിലും മഴ പെയ്യുന്നതിന് കൂടുതൽ സാധ്യത നിലനിൽക്കുന്നതായും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തിന്റെ മലയോര മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. മഴയെത്തുടർന്ന് രാജ്യത്തെ താപനിലയിൽ കുറവ് രേഖപ്പെടുത്തുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.