ഹിജ്‌റ പുതുവർഷ അവധി: ഓഗസ്റ്റ് 12-ന് ഷാർജയിൽ വാഹന പാർക്കിംഗ് സൗജന്യം

featured UAE

ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 12, വ്യാഴാഴ്ച്ച എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു. ഓഗസ്റ്റ് 10-ന് വൈകീട്ടാണ് ഷാർജ മുൻസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ആഴ്ച്ചയിൽ ഏഴ് ദിവസവും പെയ്ഡ് പാർക്കിംഗ് നിർബന്ധമാക്കിയിട്ടുള്ള (നീല നിറത്തിലുള്ള പാർക്കിംഗ് സൈൻ ബോർഡുകൾ ഉള്ള ഇടങ്ങൾ) ഇടങ്ങളിലൊഴികെ ഈ ഇളവ് ബാധകമാണ്.

ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) ഓഗസ്റ്റ് 12-ന് വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി RTA നേരത്തെ അറിയിച്ചിരുന്നു.

ഈ വർഷത്തെ ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 12, വ്യാഴാഴ്ച്ച രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ കുറിക്കുന്ന ഈ അവസരത്തിലെ അവധി ഈ വർഷം വാരാന്ത്യ അവധിയുമായി ചേർന്ന് ലഭിക്കുന്ന രീതിയിൽ 2021 ഓഗസ്റ്റ് 12-ലേക്ക് നീട്ടിവെച്ചാണ് യു എ ഇയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.