ഷാർജ: ആംബുലൻസ് ഉൾപ്പടെയുള്ള എമർജൻസി വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

featured GCC News

എമിറേറ്റിൽ ആംബുലൻസ് ഉൾപ്പടെയുള്ള എമർജൻസി വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി. 2026 ജനുവരി 21-നാണ് ഷാർജ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

എമർജൻസി വാഹനങ്ങൾക്ക് വഴി കൊടുക്കാതെ വാഹനമോടിക്കുന്നത് ഒരു ജീവൻ നഷ്ടപ്പെടുന്നതിന് ഇടയാക്കാമെന്ന് ഷാർജ പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരം തെറ്റായ ഡ്രൈവിംഗ് ശീലങ്ങൾ പിന്തുടരുന്നവർക്ക് 3000 ദിർഹം പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആംബുലൻസ്, പോലീസ്, ഫയർ എഞ്ചിൻ തുടങ്ങിയ അടിയന്തിര സ്വഭാവമുള്ള വാഹനങ്ങൾക്ക് തടസം കൂടാതെ സഞ്ചരിക്കുന്നതിനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും ഇതിനായി ഇത്തരം എമർജൻസി വാഹനങ്ങളുടെ ഫ്ലാഷ് ലൈറ്റുകൾ കാണുമ്പോഴോ സൈറണുകൾ കേൾക്കുമ്പോഴോ ഡ്രൈവർമാർ ഉടൻ വഴിമാറണമെന്നും ഷാർജ പോലീസ് ആഹ്വാനം ചെയ്തു. ഇത്തരം വാഹനങ്ങൾ ഏതാനം നിമിഷത്തേക്ക് പോലും വൈകുന്നത് ജീവനുകൾ അപകടത്തിലാക്കുമെന്ന് പോലീസ് കൂട്ടിച്ചേർത്തു.

എമർജൻസി വാഹനങ്ങൾക്ക് തടസ്സം ഉണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കുന്നവർക്ക് 3000 ദിർഹം പിഴ, ആറ് ബ്ലാക്ക് പോയിന്റ് എന്നിവ ചുമത്തുന്നതാണ്. ഇതിന് പുറമെ, നിയമലംഘനവുമായി ബന്ധപ്പെട്ട വാഹനം മുപ്പത് ദിവസത്തേക്ക് പിടിച്ചെടുക്കുന്നതാണ്.