വ്യാപാരസ്ഥാപനങ്ങൾക്ക് റമദാൻ മാസത്തിൽ അര്‍ദ്ധരാത്രിയ്ക്ക് ശേഷവും തുറന്നിരിക്കാൻ അനുമതി നൽകുന്ന പ്രത്യേക പെർമിറ്റുകളുടെ വിതരണം ആരംഭിച്ചതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. 2023 മാർച്ച് 14-നാണ് ഷാർജ മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇത്തരം പെർമിറ്റുകളുള്ള വാണിജ്യ, വ്യാപാര സ്ഥാപനങ്ങൾക്ക്, തങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തനസമയം അര്‍ദ്ധരാത്രിയ്ക്ക് ശേഷവും തുടരാൻ അനുമതിയുണ്ടായിരിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഷാർജ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇത്തരം പെർമിറ്റിന് അപേക്ഷിക്കാവുന്നതാണ്.
https://portal.shjmun.gov.ae/en/pages/home.aspx എന്ന വിലാസത്തിലുള്ള ഷാർജ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ പ്രധാന മെനുവിൽ നിന്ന് ‘Smart Services’ ക്ലിക്ക് ചെയ്ത ശേഷം ലഭിക്കുന്ന പേജിൽ ‘Municipal Inspection & Control Department Services ‘ > ‘Ramadan Permission for Working at Night’ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് കൊണ്ട് ഇത്തരം പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.
താഴെ പറയുന്ന സ്ഥാപനങ്ങൾക്ക് അര്‍ദ്ധരാത്രിയ്ക്ക് ശേഷവും പ്രവർത്തിക്കുന്നതിനായി ഇത്തരം പെർമിറ്റ് ആവശ്യമില്ല:
- റെസ്റ്ററന്റുകൾ, കഫെ, ബേക്കറി മുതലായ സ്ഥാപനങ്ങൾ.
- എൻജിനീയറിങ്ങ് കോൺട്രാക്ടിങ്ങ് കമ്പനികൾ.
ഇത്തരം പെർമിറ്റുകൾ ഇല്ലാത്ത മറ്റു മേഖലകളിലെ സ്ഥാപനങ്ങൾ അര്‍ദ്ധരാത്രിയ്ക്ക് ശേഷം പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി മുനിസിപ്പാലിറ്റിയുടെ പ്രത്യേക സംഘങ്ങൾ പരിശോധനകൾ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: WAM.