രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 11, വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം, 2024 ഏപ്രിൽ 7 മുതൽ ഏപ്രിൽ 11 വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ മഴ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. മക്ക മേഖലയിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇത് പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും, വെള്ളത്തിന്റെ കുത്തൊഴുക്കിനും കരണമാകാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
മക്ക മേഖലയിൽ ഈ കാലയളവിൽ ഇതോടൊപ്പം ശക്തമായ കാറ്റ്, ആലിപ്പഴം പൊഴിയൽ, പൊടിക്കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്. റിയാദ്, നജ്‌റാൻ, ജസാൻ, മദിന, ഹൈൽ, നോർത്തേൺ ബോർഡേഴ്സ്, ഈസ്റ്റേൺ പ്രൊവിൻസ്, തബൂക്, അൽ ജൗഫ്, അസീർ, അൽ ബാഹ, അൽ ഖാസിം മേഖലകളിലും ഇതേ കാലാവസ്ഥ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പൊതുജനങ്ങളോട് ജാഗ്രത പുലർത്താൻ സൗദി സിവിൽ ഡിഫൻസ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും, ജലാശയങ്ങളിൽ നീന്താൻ ഇറങ്ങരുതെന്നും സൗദി അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2024 ഏപ്രിൽ മാസത്തിൽ സാമാന്യം ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിപ്പ് നൽകിയിരുന്നു.
Cover Image: Saudi Press Agency.