ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകളോടൊപ്പം സമർപ്പിക്കുന്ന ഫോട്ടോകൾ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) മുന്നോട്ട് വെക്കുന്ന നിബന്ധനകൾ പാലിക്കുന്നവയായിരിക്കണമെന്ന് BLS ഇന്റർനാഷണൽ അറിയിച്ചു.
BLS ഇന്റർനാഷണൽ വെബ്‌സൈറ്റിലാണ് ഈ അറിയിപ്പ് നൽകിയിരിക്കുന്നത്. https://www.blsinternational.com/india/uae/passport/ എന്ന വിലാസത്തിൽ ഈ അറിയിപ്പ് ഒരു പോപ്പ്അപ് രൂപത്തിൽ നൽകിയിട്ടുണ്ട്.
2025 സെപ്റ്റംബർ 1 മുതൽ പാസ്സ്‌പോർട്ട് അപേക്ഷകളോടൊപ്പം സമർപ്പിക്കുന്ന ഫോട്ടോകളുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി ഒരു പുതിയ നിയമം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് BLS ഇന്റർനാഷണൽ യു എ ഇയിലെ ഇന്ത്യൻ സമൂഹത്തോട് ഇക്കാര്യം അറിയിച്ചത്. ഇതോടെ എല്ലാ ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകളോടൊപ്പം സമർപ്പിക്കുന്ന ഫോട്ടോകൾ ICAO നിബന്ധനകൾ നിർബന്ധമായും പാലിക്കേണ്ടതാണ്.
ഈ നിയമം നടപ്പിലാക്കിയ പശ്ചാത്തലത്തിൽ ICAO മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാ BLS ഇന്റർനാഷണൽ സേവനകേന്ദ്രങ്ങളും തയ്യാറെടുത്തതായും, ഇതിനായി ജീവനക്കാർക്ക് പ്രത്യേക ട്രെയിനിങ് നൽകിയതായും ഈ അറിയിപ്പിൽ പറയുന്നു. പാസ്പോർട്ട് അപേക്ഷകൾ സമർപ്പിക്കുന്നതിനെത്തുന്ന അപേക്ഷകർ ICAO മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോ എടുക്കുന്നതിനായി ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് കൊണ്ട് പാസ്സ്പോർട്ടുമായി എത്തേണ്ടതാണെന്ന് BLS ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അപേക്ഷകർക്ക് മറ്റു സ്റ്റുഡിയോകളിൽ നിന്ന് ഈ നിബന്ധനകൾ പാലിക്കുന്ന ഫോട്ടോകൾ എടുത്ത് കൊണ്ട് അവ BLS സേവനകേന്ദ്രങ്ങളിൽ സമർപ്പിക്കുന്നതിനും അനുമതിയുണ്ട്. ഈ നിബന്ധനകൾ പാലിക്കാത്ത ഫോട്ടോകൾ സമർപ്പിക്കുന്നത് പാസ്പോർട്ട് അനുവദിക്കുന്നതിൽ തടസ്സം അല്ലെങ്കിൽ കാലതാമസം നേരിടുന്നതിന് കാരണമാകുമെന്ന് BLS ഇന്റർനാഷണൽ വ്യക്തമാക്കിയിട്ടുണ്ട്.
ICAO മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ:
- ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് കൊണ്ടുള്ള ഫോട്ടോ ആയിരിക്കണം.
- കളർ ഫോട്ടോ ആയിരിക്കണം.
- ഇവയുടെ വലിപ്പം 2 x 2 ഇഞ്ച് (51 x 51 മില്ലീമീറ്റർ) ആയിരിക്കണം.
- ഫോട്ടോ വെളുത്ത പശ്ചാത്തലതിലായിരിക്കണം.
- അപേക്ഷകന്റെ മുഖം മുൻവശത്ത് നിന്ന് പൂർണ്ണമായും വ്യക്തമാക്കുന്ന ചിത്രമായിരിക്കണം.
- ഈ ഫോട്ടോയുടെ എൺപത് മുതൽ എൺപത്തഞ്ച് ശതമാനം വരെ പ്രദേശം അപേക്ഷകന്റെ മുഖം ഉൾകൊള്ളുന്ന രീതിയിലായിരിക്കണം.
- വായ തുറന്നിരിക്കുന്നതോ, ചെരിഞ്ഞിരിക്കുന്നതോ ആയ ചിത്രങ്ങൾ അനുവദിക്കുന്നതല്ല. സ്വാഭാവികമായ മുഖഭാവത്തോട് കൂടിയുള്ള ഫോട്ടോ ആയിരിക്കണം.
- മൂന്ന് മാസത്തിനിടയിൽ എടുത്തിട്ടുള്ള പുതിയ ഫോട്ടോ ആയിരിക്കണം.
- സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ചിത്രങ്ങൾ അനുവദിക്കുന്നതല്ല.
- മതപരമായ കാര്യങ്ങൾക്കുള്ള ശിരോവസ്ത്രങ്ങൾ ഒഴികെയുള്ളവ അനുവദിക്കുന്നതല്ല. ഇത്തരം ശിരോവസ്ത്രങ്ങൾ ഉപയോഗിക്കുന്ന അവസരത്തിൽ മുഖം പൂർണ്ണമായും വ്യക്തമായിരിക്കണം.

