പ്രവാസികൾക്ക് നിയമക്കുരുക്കുകളിൽ അകപ്പെടുന്നത് ഒഴിവാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുമായി യു എ ഇ ഇന്ത്യൻ കോൺസുലേറ്റ്

UAE

യു എ എയിലെ ഇന്ത്യൻ പ്രവാസികൾക്ക് രാജ്യത്ത് സുരക്ഷിതരായി തുടരുന്നതിനും, നിയമക്കുരുക്കുകളിൽ അകപ്പെടുന്നത് ഒഴിവാക്കുന്നതിനുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. യു എ ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക്, പ്രത്യേകിച്ച് തൊഴിലാളികൾക്ക് സഹായകമാകുന്ന ഈ ചെയ്യേണ്ടതും അല്ലാത്തതുമായ കാര്യങ്ങളടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം വഴിയാണ് നൽകിയിരിക്കുന്നത്.

യു എ ഇയിൽ വിവിധ രീതിയിലുള്ള നിയമപ്രശ്നങ്ങളിൽ പെടുന്നത് ഒഴിവാക്കുന്നതിനും, വിവിധ രീതിയിലുള്ള തട്ടിപ്പുകൾക്കിരയാകാതെ സ്വയം സുരക്ഷിതരാകുന്നതിനും, വ്യക്തിവിവരങ്ങൾ മോഷ്ടിക്കപ്പെടുന്നത് ഒഴിവാക്കുന്നതിനും സഹായകമാകുന്ന നിർദ്ദേശങ്ങൾ ഈ അറിയിപ്പിലൂടെ കോൺസുലേറ്റ് മുന്നോട്ട് വെച്ചിട്ടുണ്ട്.

പ്രവാസികൾ ചെയ്യേണ്ടതായ കാര്യങ്ങൾ:

  • യു എ ഇയിലെ നിയമങ്ങളെക്കുറിച്ച് സ്വയം അവബോധം സൃഷ്ടിക്കേണ്ടതാണ്. യു എ ഇ തൊഴിൽ നിയമങ്ങൾ, ഈ നിയമങ്ങൾ മുന്നോട്ട് വെക്കുന്ന പരിധികൾ, അവകാശങ്ങൾ എന്നിവ മനസ്സിലാക്കേണ്ടതാണ്.
  • യു എ ഇയിലെ പോലീസ്, ഫയർ ഡിപ്പാർട്മെന്റ്, ആംബുലൻസ് സർവീസ്, ഹോസ്പിറ്റലുകൾ, ഇന്ത്യൻ എംബസി, ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യൻ പ്രവാസി സംഘടനകൾ തുടങ്ങിയവയുടെ ഫോൺ നമ്പറുകൾ സൂക്ഷിക്കേണ്ടതാണ്.
  • ഗാർഹിക പീഡനം, ശാരീരിക പീഡനം എന്നിവ തൊഴിലാളികൾ ഉടൻ തന്നെ പോലീസിൽ അറിയിക്കേണ്ടതാണ്.
  • തൊഴിലിടങ്ങളിൽ നേരിടുന്ന തൊഴിൽ സംബന്ധമായ ആവലാതികൾ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷനിൽ (MoHRE) തൊഴിൽ പെർമിറ്റ് കാലാവധി അവസാനിക്കുന്ന തീയതിക്ക് ഒരു വർഷത്തിനുള്ളിൽ അറിയിക്കേണ്ടതാണ്. ഈ കാലാവധി അവസാനിച്ച ശേഷമുള്ള പരാതികൾ MoHRE ചിലപ്പോൾ രേഖപ്പെടുത്തണമെന്നില്ല.
  • മെഡിക്കൽ റെക്കോർഡുകൾ, ഏറ്റവും പുതിയ പാസ്സ്‌പോർട്ട്, വിസ എന്നിവയുടെ പകർപ്പുകൾ, പുതുക്കിയ തൊഴിൽ കരാറുകൾ, സാമ്പത്തിക രേഖകൾ, തൊഴിലെടുക്കുന്ന സ്ഥാപനത്തിന്റെ വിവരങ്ങൾ, താമസിക്കുന്ന ഇടത്തിന്റെ അഡ്രസ് എന്നിവ സുരക്ഷിതമായി കൈവശം കരുതേണ്ടതാണ്. അടിയന്തിര ഘട്ടങ്ങളിൽ ഈ വിവരങ്ങൾ തിരികെ ലഭിക്കുന്ന രീതിയിൽ ഇവ വിശ്വസിക്കാവുന്ന കുടുംബാംഗങ്ങളുമായി പങ്ക് വെക്കേണ്ടതാണ്.
  • നാട്ടിലേക്ക് പണം അയക്കുന്നതിനായി യു എ ഇ നിയമപരമായി അംഗീകരിച്ചിട്ടുള്ള മാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്.
  • തൊഴിൽ ആരംഭിക്കുന്ന കാലഘട്ടത്തിൽ തന്നെ വിശ്വസിക്കാവുന്ന ഒരു പെൻഷൻ പദ്ധതിയിൽ ചേരേണ്ടതാണ്.
  • സ്വന്തം വ്യക്തിവിവരങ്ങൾ മോഷ്ടിക്കപ്പെടുന്നത് ഒഴിവാക്കുന്നതിനായി ജാഗ്രത പുലർത്തേണ്ടതാണ്. സിം കാർഡ്, പാസ്സ്‌പോർട്ട്, എമിറേറ്റ്സ് ഐഡി കാർഡ്, ഇമെയിൽ അക്കൗണ്ട് മുതലായവ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണ്. ഇത്തരം വിവരങ്ങൾ ചോർത്തുന്നതിനായി കുറ്റവാളികൾ നടത്തുന്ന പൊതുവായ തട്ടിപ്പുകളെക്കുറിച്ച് സ്വയം അവബോധം വളർത്തേണ്ടതാണ്.
  • യു എ ഇയിലും, ഇന്ത്യയിലും കൃത്യമായ മെഡിക്കൽ, ലൈഫ് ഇൻഷുറൻസ് പദ്ധതികൾ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനായി ചിട്ടയായ ജീവിതരീതികൾ പിന്തുടരേണ്ടതാണ്.
  • യു എ ഇ കോടതികളിൽ അംഗീകാരമുള്ള രീതിയിൽ തയ്യാറാക്കിയ ഒരു വില്‍പ്പത്രം സൂക്ഷിക്കുന്നത് നല്ലതാണ്.

പ്രവാസികൾ യു എ ഇയിൽ ചെയ്യരുതാത്ത കാര്യങ്ങൾ:

  • മറ്റുള്ളവർക്ക് വിഷമമുണ്ടാക്കുന്ന രീതിയിലുള്ള അഭിപ്രായങ്ങൾ, പ്രത്യേകിച്ച് മതപരമായ കാര്യങ്ങൾ, സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെക്കരുത്. രാജ്യത്ത് നിലവിലുളള ആചാരങ്ങൾ, സമ്പ്രദായങ്ങൾ, പൈതൃകം എന്നിവ മറികടക്കുന്ന പ്രവർത്തികൾ ഒഴിവാക്കേണ്ടതാണ്.
  • ഫോട്ടോ പകർത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള ഇടങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. മറ്റു വ്യക്തികളുടെ സമ്മതമില്ലാതെ അവരുടെ ഫോട്ടോ, അല്ലെങ്കിൽ വീഡിയോ എന്നിവ പകർത്തുകയോ, സമൂഹമാധ്യമങ്ങളിൽ പങ്ക് വെക്കുകയോ ചെയ്യരുത്.
  • ബാങ്ക് കാർഡുകളുടെ വിവരങ്ങൾ, ATM പിൻ, OTP, പാസ്സ്‌വേർഡുകൾ മുതലായവ ആരുമായും പങ്ക് വെക്കരുത്.
  • പൊതുഇടങ്ങളിൽ വെച്ചുള്ള മദ്യപാനം നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. കൃത്യമായ ലൈസൻസുകളുള്ള, അനുമതിയുള്ള ഇടങ്ങളിൽ മാത്രമാണ് മദ്യപിക്കുന്നതിന് അനുവാദമുള്ളത്.
  • സ്പോൺസറിൽ നിന്ന് ഒളിച്ചോടുന്ന രീതിയിലുള്ള പ്രവർത്തികൾ ഒഴിവാക്കേണ്ടതാണ്. പകരം തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ 80060 എന്ന നമ്പറിൽ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷനിലും (MoHRE), യു എ ഇയിലെ ഇന്ത്യൻ എംബസി, കോൺസുലേറ്റ് എന്നിവിടങ്ങളിലും ധരിപ്പിക്കേണ്ടതാണ്.