രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 മാർച്ച് 8, വെള്ളിയാഴ്ച വൈകീട്ട് മുതൽ മാർച്ച് 10, ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി (NCEMA) പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2024 മാർച്ച് 7-ന് വൈകീട്ടാണ് NCEMA ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് മുതൽ ഞായറാഴ്ച ഉച്ചവരെ ശക്തമായ ഇടിയോട് കൂടിയ മഴയ്ക്കും, ഏതാനം ഇടങ്ങളിൽ ആലപ്പഴവർഷത്തോടെയുള്ള കൊടുംകാറ്റിനും സാധ്യതയുണ്ടെന്ന് NCEMA ചൂണ്ടിക്കാട്ടി. യു എ ഇ ആഭ്യന്തര മന്ത്രാലയം, ദേശീയ കാലാവസ്ഥാ കേന്ദ്രം എന്നിവരുമായി NCEMA നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്
ഇതിന്റെ ഭാഗമായി രാജ്യത്തെ വിദ്യാലയങ്ങളിൽ മാർച്ച് 8-ന് റിമോട്ട് ലേർണിംഗ് നടപ്പിലാക്കുന്നതാണ്. വെള്ളപ്പൊക്ക സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ജനങ്ങൾ വിട്ട് നിൽക്കണമെന്ന് NCEMA അറിയിച്ചിട്ടുണ്ട്.
ജലാശയങ്ങൾ, വെള്ളം കെട്ടി നിൽക്കുന്ന പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാൻ NCEMA നിർദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും, വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാനും NCEMA ആഹ്വാനം ചെയ്തു.
ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. NCEMA ഔദ്യോഗിക വക്താവ് ഫഹദ് ബുത്തി അൽ മുഹൈരിയാണ് ഇക്കാര്യം പത്രസമ്മേളനത്തിൽ അറിയിച്ചത്.