യു എ ഇ: വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത പൗരന്മാരുടെ വിദേശയാത്രകൾക്ക് 2022 ജനുവരി 10 മുതൽ വിലക്കേർപ്പെടുത്തും

featured UAE

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത എമിറാത്തി പൗരന്മാർക്ക് 2022 ജനുവരി 10 മുതൽ യു എ ഇയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്‌സ് ആൻഡ് ഇന്റർനാഷണൽ കോഓപ്പറേഷനുമായി ചേർന്നാണ് NCEMA ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

2022 ജനുവരി 1-ന് വൈകീട്ടാണ് NCEMA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ആഗോള തലത്തിൽ COVID-19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം.

വിദേശത്തേക്ക് യാത്ര ചെയ്യേണ്ട എമിറാത്തി പൗരന്മാർ COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് എടുത്തിരിക്കണമെന്ന് NCEMA കൂട്ടിച്ചേർത്തു. വാക്സിനെടുക്കുന്നതിൽ ആരോഗ്യപരമായ കാരണങ്ങളാൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർ, മനുഷ്യത്വപരമായ സാഹചര്യങ്ങളിൽ അടിയന്തിര വിദേശയാത്രകൾ ആവശ്യമായി വരുന്നവർ, ചികിത്സകൾക്കായി വിദേശയാത്രകൾ ആവശ്യമായി വരുന്നവർ തുടങ്ങിയ വിഭാഗങ്ങളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.