രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 14, ഞായറാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഏപ്രിൽ 11-ന് രാത്രിയാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം യു എ ഇയിൽ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 14 മുതൽ ഏപ്രിൽ 17 വരെ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നതാണ്. ഇതിന്റെ ഭാഗമായി ഈ കാലയളവിൽ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഏപ്രിൽ 14-ന് അബുദാബി, അൽ ഐൻ, ഫുജൈറ തുടങ്ങിയ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഏപ്രിൽ 15, 16 തീയതികളിൽ ന്യൂനമർദ്ദത്തിന്റെ പ്രഭാവം കൂടുതൽ പ്രബലമാകാനിടയുണ്ടെന്നും രാജ്യത്തിന്റെ വിവിധ മേഖലകളിൽ സാമാന്യം ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഈ കാലയളവിൽ ഇടിയോട് കൂടിയ മഴ, ആലിപ്പഴം പൊഴിയൽ എന്നിവയ്ക്കും സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ കാറ്റ് കൂടുതൽ ശക്തമാകുമെന്നും, കടൽ പ്രക്ഷുബ്ധമാകുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.