എമിറേറ്റിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2022 ജനുവരി 3 മുതൽ ആരംഭിക്കാനിരിക്കുന്ന പുതിയ സ്കൂൾ ടേമിൻ്റെ ആദ്യ രണ്ടാഴ്ച്ച ഓൺലൈൻ അധ്യയനം നടപ്പിലാക്കുമെന്ന് ഉം അൽ കുവൈൻ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി വ്യക്തമാക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഉം അൽ കുവൈനിലെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്കും ഈ തീരുമാനം ബാധകമാണ്. എന്നാൽ എമിറേറ്റിലെ നഴ്സറികൾക്ക് ഈ തീരുമാനം ബാധകമല്ലെന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
നഴ്സറികളിൽ നിന്ന് നേരിട്ടുള്ള പഠനം തുടരുന്നതാണ്. നഴ്സറി ജീവനക്കാരുടെ ഇടയിൽ COVID-19 പരിശോധനകൾ ശക്തമാക്കുമെന്നും, പ്രതിരോധ നടപടികൾ കർശനമാക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങൾ തുടർച്ചയായി നിരീക്ഷിച്ച് വരുന്നതായും കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
പുതിയ സ്കൂൾ ടേമിൻ്റെ ആദ്യ രണ്ടാഴ്ച്ച അബുദാബിയിലെ വിദ്യാലയങ്ങളിലും വിദൂര പഠന രീതി നടപ്പിലാക്കുന്നതാണ്.
എന്നാൽ ഷാർജ, ദുബായ് തുടങ്ങിയ എമിറേറ്റുകളിൽ സ്‌കൂളുകളിൽ നിന്ന് നേരിട്ടുള്ള അധ്യയനം തുടരുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്.
WAM