അൽ റീം ഐലൻഡ്, ഉം യിഫീനാഹ് ഐലൻഡ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി അടുത്തിടെ പണിതീർത്ത് തുറന്ന് കൊടുത്ത ഉം യിഫീനാഹ് പാലത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അബുദാബി മീഡിയ ഓഫീസ് പങ്ക് വെച്ചു. 2023 ഫെബ്രുവരി 11-നാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
2023 ഫെബ്രുവരി 9-നാണ് അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉം യിഫീനാഹ് പാലം ഉദ്ഘാടനം ചെയ്തത്.
അൽ റീം ഐലൻഡ്, ഉം യിഫീനാഹ് ഐലൻഡ്, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് അതിവേഗ സഞ്ചാരം സാധ്യമാക്കുന്നതാണ് ഈ പാലം.


ആറ് വരി പാതകൾ ഉൾക്കൊള്ളുന്ന 11 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാലം ട്രാഫിക് സുഗമമാക്കുന്നതിന് ഏറെ സഹായകമാണ്.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട്, അൽദാർ എന്നിവർ സംയുക്തമായി നിർമ്മിച്ചിട്ടുള്ള ഈ പാലത്തിലൂടെ മണിക്കൂറിൽ 12000 വാഹനങ്ങൾക്ക് കടന്ന് പോകാവുന്നതാണ്.

കാൽനടക്കാർക്കുള്ള പ്രത്യേക പാത, സൈക്ലിംഗ് ട്രാക്ക് എന്നിവയും ഈ പാലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മേഖലയിലെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള മിഡ്-ഐലൻഡ് പാർക്ക് വേ പ്രോജക്ടിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായാണ് ഈ പാലം തുറന്ന് കൊടുത്തിരിക്കുന്നത്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ അൽ റീം ഐലൻഡ്, സാദിയത് ഐലൻഡ്, അൽ റാഹ ബീച്ച്, ഖലീഫ സിറ്റി എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നതാണ്. 2028-ഓടെ ഈ പദ്ധതി പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
സുസ്ഥിരവികസന നയങ്ങളിൽ ഊന്നൽ നൽകിയാണ് ഈ പദ്ധതി പൂർത്തിയാക്കുന്നത്. ഇതിന്റെ ഭാഗമായി വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിന് തടസം വരാത്തതും, മേഖലയിലെ കണ്ടൽ കാടുകളെ ബാധിക്കാത്തതുമായ രീതിയിലുള്ള നിർമ്മാണ രീതികളാണ് ഈ പാലത്തിന്റെ നിർമ്മാണത്തിനായി അവലംബിച്ചത്.
Cover Image: Screengrab from video by Abu Dhabi Media Office.