ഭക്ഷണശാലകൾക്ക് ദുബായ് ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

GCC News

മാർച്ച് 16 മുതൽ ദുബായിലെ ഭക്ഷണശാലകൾക്ക് കർശനമായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി ദുബായ് മുനിസിപ്പാലിറ്റിയുടെ ആരോഗ്യ സുരക്ഷാ വിഭാഗം അറിയിച്ചു. കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ഈ നിയന്ത്രണങ്ങൾ എല്ലാ ഭക്ഷണശാലകൾക്കും നിർബദ്ധമായും പാലിക്കാനുള്ളതാണെന്നും, വീഴ്ച്ച വരുത്തുന്ന ഭക്ഷണശാലകൾക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഈ നിർദ്ദേശങ്ങൾ പാലിക്കാനാണ് അറിയിപ്പിൽ പറയുന്നത്.

  • ഭക്ഷണശാലകളിലെ മേശകൾ തമ്മിൽ ചുരുങ്ങിയത് 2 മീറ്റർ ദൂരം ഉറപ്പാക്കണം.
  • ഓരോ ഉപഭോക്താക്കളും ഉപയോഗിച്ച മേശകൾ ഉടനെ തന്നെ അണുവിമുക്തമാകേണ്ടതാണ്.
  • ഭക്ഷണശാലകളിലെ തിരക്ക് ഒഴിവാക്കാനായി, ഉപഭോക്താക്കൾ മേശകൾക്കായി കാത്തുനിൽക്കുന്നത് അനുവദനീയമല്ല.
  • പനി പോലുള്ള രോഗലക്ഷണങ്ങളുള്ള ഉപഭോക്താക്കളെയോ, ജീവനക്കാരെയോ ഭക്ഷണശാലകളിൽ പ്രവേശിപ്പിക്കരുത്.
  • ഒറ്റത്തവണ ഉപോയോഗിക്കാവുന്ന പ്ലേറ്റുകൾ ഗ്ലാസുകൾ എന്നിവയിൽ വേണം ഭക്ഷണം വിളമ്പേണ്ടത്.
  • സാദാരണ ഉപയോഗിക്കുന്ന പ്ലേറ്റുകളും, കത്തി, മുള്ള്‌, സ്‌പൂണ്‍ മുതലായവയും ഉപയോഗിക്കാനുള്ള അനുവാദം, അണുനശീകരണ സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന ഓട്ടോമാറ്റിക് ഡിഷ്‌വാഷിങ് ഉപകരണങ്ങൾ ഉള്ള ഭക്ഷണശാലകൾക്ക് മാത്രമാക്കി ചുരുക്കിയിട്ടുണ്ട്.
  • ഭക്ഷണശാലകളിലെ അതിഥികള്‍ സ്വയം വിളമ്പിയെടുത്തു ഭക്ഷണം കഴിക്കുന്ന ബുഫേ പോലുള്ള സംവിധാനങ്ങൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കർശനമായി തടഞ്ഞിട്ടുണ്ട്.
  • ഒരു ഓർഡറിന്റെ ഭാഗമായി 50-ൽ കൂടുതൽ പേർക്കുള്ള ഭക്ഷണം നൽകുന്നതിനും നിയന്ത്രണമുണ്ട്.
  • സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടുള്ള ഭക്ഷണ വസ്തുക്കൾ പാർസൽ നൽകുന്ന സേവനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഭക്ഷണശാലകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കുനുണ്ടോ എന്ന് ഉറപ്പാക്കാൻ കർശനമായ പരിശോധനാ നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. നിയമലംഘനങ്ങൾക്കെതിരെ നടപടികൾ ഉണ്ടാകും.