കൊറോണാ വൈറസ് വ്യാപനം തടയുന്നതിനായി ഒമാനിലെ പൊതുഗതാഗത സംവിധാനങ്ങളിൽ അണുനശീകരണ നടപടികളും ശുചീകരണ പ്രവർത്തനങ്ങളും കര്‍ശനമാക്കിയതായി ഒമാൻ നാഷണൽ ട്രാൻസ്പോർട്ട് കമ്പനി (മവസലാത്ത്) അറിയിച്ചു. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെയും, സമൂഹത്തിന്റെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനങ്ങൾ.
പൊതു ഗതാഗത രംഗത്തെ ബസുകളിൽ എടുത്തിട്ടുള്ള സുരക്ഷാ തീരുമാനങ്ങൾ:
- എല്ലാ ബസുകളും ദിനവും അണുവിമുക്തമാക്കും. സീറ്റുകൾ, ഹാൻഡിലുകൾ, വാതിലുകൾ എന്നിവയെല്ലാം യാത്രയുടെ ആരംഭത്തിലും അവസാനത്തിലും ശുചീകരണ നടപടികൾക്ക് വിധേയമാക്കും.
- എല്ലാ ബസ് സർവീസുകളിലും ഹാൻഡ് സാനിറ്റൈസർ ഉറപ്പാക്കും.
- ബസുകളിൽ ഒരു കാരണവശാലും സീറ്റുകളുടെ എണ്ണത്തിൽ കൂടുതൽ യാത്രക്കാരില്ല എന്ന് ഉറപ്പാക്കും.
- യാത്രകൾക്ക് മുന്നേ യാത്രികരുടെ ശരീരോഷ്മാവ് പരിശോധിക്കും.
- മസ്കറ്റിൽ നിന്ന് ദുബായിലേക്കുള്ള ബസ് സർവീസ് താത്കാലികമായി നിർത്തലാക്കും. നിലവിൽ ഈ ബസ് സർവീസ് മസ്കറ്റ് മുതൽ വിലായത് ഷിനാസ് വരെ യാത്രികരെ എത്തിച്ച് മസ്കറ്റിലേക്ക് മടങ്ങും.
ഫെറി സർവീസുകളിലെ സുരക്ഷാ തീരുമാനങ്ങൾ:
- എല്ലാ ഫെറികളും ദിനവും ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും.
- എല്ലാ ഫെറി സർവീസുകളിലും ഹാൻഡ് സാനിറ്റൈസർ ഉറപ്പാക്കും.
- യാത്രകൾക്ക് മുന്നേ യാത്രികരുടെ ശരീരോഷ്മാവ് പരിശോധിക്കും.
- വളര്‍ത്തുമൃഗങ്ങളെയും, കന്നുകാലികളെയും ഫെറിയിൽ നിരോധിച്ചിട്ടുണ്ട്.