ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും മാർച്ച് 13 മുതൽ ഏപ്രിൽ 15 വരെ റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നയതന്ത്ര വിസകൾ, യു എൻ/ മറ്റു അന്താരാഷ്ട സംഘടനകൾക്കുള്ള വിസകൾ, തൊഴിൽ വിസകൾ എന്നിവയ്ക്ക് ഈ നിർദ്ദേശം ബാധകമല്ല. കൊറോണാ വൈറസ് പ്രതിരോധം ശക്തമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതിയുടെ യോഗത്തിലാണ് ഈ തീരുമാനം.
വിസകൾ കൂടാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ OCI കാർഡ് ഉള്ളവർക്ക് നൽകിയിട്ടുള്ള അനുവാദം താത്കാലികമായി നിർത്തലാക്കിയിട്ടുണ്ട്. ചൈന, ഇറ്റലി, ഇറാൻ, ദക്ഷിണകൊറിയ, ഫ്രാൻസ്, സ്പെയിൻ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നോ, ഈ രാജ്യങ്ങൾ ഫെബ്രുവരി 15-നു ശേഷം സന്ദർശിച്ചവരോ ആയ ഇന്ത്യാക്കാരുൾപ്പടെ എല്ലാവർക്കും 14 ദിവസത്തെ ക്വാറന്റീൻ നടപടി നിർബന്ധമാക്കിയിട്ടുണ്ട്.
മാർച്ച് 11-നു പുറത്തിറക്കിയ കൊറോണാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിസാ വിലക്കുകളുടെ അറിയിപ്പിലെ പ്രധാന ഭാഗങ്ങൾ:
- നയതന്ത്ര വിസകൾ, യു എൻ/ മറ്റു അന്താരാഷ്ട സംഘടനകൾക്കുള്ള വിസകൾ, തൊഴിൽ വിസകൾ എന്നിവ ഒഴികെ എല്ലാ രാജ്യങ്ങളിലെ പൗരന്മാർക്കും അനുവദിച്ചിട്ടുള്ള ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും മാർച്ച് 13 മുതൽ ഏപ്രിൽ 15 വരെ റദ്ദാക്കും.
- നിലവിൽ ഇന്ത്യയിലുള്ള വിദേശികളുടെ വിസകൾക്ക് ഈ നടപടി ബാധകമല്ല. അവർക്ക് വിസ നീട്ടിക്കിട്ടുന്നതിനായി അടുത്തുള്ള FRRO ഓഫീസുകളുമായി ബന്ധപ്പെടാം.
- വിസകൾ കൂടാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ OCI കാർഡ് ഉള്ളവർക്ക് നൽകിയിട്ടുള്ള അനുവാദം താത്കാലികമായി നിർത്തലാക്കിയിട്ടുണ്ട്.
- അടിയന്തിര സാഹചര്യങ്ങളിൽ ഇന്ത്യയിലേക്ക് യാത്ര വേണ്ടിവരുന്ന വിദേശികൾ പുതിയ വിസയ്ക്കായി ഇന്ത്യൻ എംബസികളെ സമീപിക്കണം.
- ചൈന, ഇറ്റലി, ഇറാൻ, ദക്ഷിണകൊറിയ, ഫ്രാൻസ്, സ്പെയിൻ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നോ, ഈ രാജ്യങ്ങൾ ഫെബ്രുവരി 15-നു ശേഷം സന്ദർശിച്ചവരോ ആയ ഇന്ത്യാക്കാരുൾപ്പടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാവർക്കും 14 ദിവസത്തെ ക്വാറന്റീൻ നടപടി നിർബന്ധമാക്കിയിട്ടുണ്ട്. മാർച്ച് 13 മുതൽ ഇത് ബാധകമാണ്.
- വിദേശങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള കരമാർഗ്ഗത്തിലൂടെയുള്ള യാത്രകൾ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ഉള്ള ചെക്പോസ്റ്റുകൾ വഴി മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സിനെ ബന്ധപ്പെടാം.
ഇത് കൂടാതെ ഇന്ത്യൻ പൗരന്മാർക്കുള്ള നിർദ്ദേശങ്ങളും ഈ അറിയിപ്പിൽ ഉണ്ട്:
- നിലവിൽ വിദേശ രാജ്യങ്ങളിൽ ഉള്ള ഇന്ത്യൻ പൗരന്മാർ കഴിയുന്നതും അനാവശ്യമായ യാത്രകൾ ഒഴിവാക്കുക. അവർ ഇന്ത്യയിലേക്ക് മടങ്ങുകയാണെങ്കിൽ 14 ദിവസത്തെ ക്വാറന്റീൻ നടപടി നിർബന്ധമാക്കിയിട്ടുണ്ട്.
- രാജ്യത്ത് നിലവിൽ ഉള്ള പൗരന്മാരും അത്യാവശ്യമല്ലാത്ത വിദേശയാത്രകൾ ഒഴിവാക്കേണ്ടതാണ്. തിരികെ രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ ഇവർക്കും 14 ദിവസത്തെ ക്വാറന്റീൻ നടപടി നിർബന്ധമാക്കിയിട്ടുണ്ട്.