കൊറോണാ ബാധയുമായി ബന്ധപ്പെട്ട ഉടലെടുത്തിട്ടുള്ള സാഹചര്യങ്ങൾ തുടർച്ചയായി നിരീക്ഷിച്ചു വരികയാണെന്ന് ദുബായ് എക്സ്പോ 2020 സംഘാടകർ അറിയിച്ചു. സാഹചര്യങ്ങൾ കൃത്യമായി വിശകലനം ചെയ്യുന്നുണ്ടെന്നും എക്സ്പോ ആരംഭിക്കുന്ന ഘട്ടമാകുമ്പോളേക്കും രോഗബാധ നിയന്ത്രിക്കാൻ കഴിയും എന്ന് പ്രത്യാശിക്കുന്നതായും സംഘാടകർ കൂട്ടിച്ചേർത്തു.
നിലവിൽ ആരോഗ്യ സുരക്ഷാ മന്ത്രാലയവുമായി ചേർന്ന് ആവശ്യമായ ആരോഗ്യ നടപടികളും മാനദണ്ഡങ്ങളും കൈകൊള്ളുന്നതിനുള്ള നടപടികൾ എക്സ്പോ അധികൃതർ എടുത്തുവരികയാണ്. എക്സ്പോ സന്ദർശകരുടെ ആരോഗ്യ സുരക്ഷയെ മുൻനിർത്തിയുള്ള എല്ലാ പ്രതിരോധ നടപടികളും നടപ്പിലാക്കും.
2020 ഒക്ടോബർ മുതൽ ആരംഭിക്കുന്ന എക്സ്പോ 2020 ആറു മാസത്തെ കാലയളവിൽ ഏതാണ്ട് 11 ദശലക്ഷം വിദേശ സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. യു എ ഇയുടെ സാമ്പത്തിക രംഗത്തും വിനോദസഞ്ചാര രംഗത്തും വലിയ വളർച്ചയാണ് ദുബായ് എക്സ്പോ 2020-യിലൂടെ ലക്ഷ്യമിടുന്നത്.