ഏഴു രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് സൗദി അറേബ്യ താത്ക്കാലികമായി നിർത്തിവെച്ചു

GCC News

കൊറോണാ വൈറസ് ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചൈന, ഇറ്റലി, കൊറിയ, ജപ്പാൻ, മലേഷ്യ, സിങ്കപ്പൂർ, കസാഖിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് പുതിയ ഇലക്ട്രോണിക് ടൂറിസ്റ്റു വിസയും, ഓൺ-അറൈവൽ ടൂറിസ്റ്റു വിസയും അനുവദിക്കുന്നത് സൗദി മിനിസ്ട്രി ഓഫ് ടൂറിസം താത്ക്കാലികമായി നിർത്തിവെച്ചു. രാജ്യത്തെ ആരോഗ്യ സുരക്ഷാ വിഭാഗങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് ഈ നടപടി.

ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മുന്നേ അനുവദിച്ച നിലവിലുള്ള ടൂറിസ്റ്റ് വിസകൾ താത്കാലികമായി റദ്ദാക്കിയതായും മന്ത്രാലയം അറിയിച്ചു. കൊറോണാ ബാധ രൂക്ഷമല്ലാത്ത മറ്റു രാജ്യങ്ങളിലെ സഞ്ചാരികൾക്കുള്ള ഇലക്ട്രോണിക്, ഓൺ അറൈവൽ ടൂറിസ്റ്റ് വിസാ നടപടികൾ തുടരുമെങ്കിലും മക്ക, മദീന പ്രദേശങ്ങളിലേക്ക് ഇവർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

ഇലക്ട്രോണിക് വിസ അനുവദിച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്നല്ലാത്ത മറ്റു രാജ്യങ്ങളിലെ നിലവിൽ ടൂറിസ്റ്റു വിസ ലഭിച്ചിട്ടുള്ള സഞ്ചാരികൾക്ക്, 00966920000890 എന്ന നമ്പറിൽ തങ്ങളുടെ വിസ ഉപയോഗിച്ച് സൗദിയിൽ പ്രവേശിക്കാനാകുമോ എന്ന് പുറംരാജ്യങ്ങളിൽ നിന്ന് വിളിച്ച് ഉറപ്പിക്കാനുള്ള സൗകര്യം ടൂറിസം മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. നിലവിൽ അമേരിക്കൻ, ബ്രിട്ടീഷ്‌, ഷെങ്കൻ വിസകൾ ഉള്ളവർക്ക് സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസ ലഭ്യമാകുമോ എന്നതും ഈ നമ്പറിൽ നിന്ന് അറിയാവുന്നതാണ്.

സൗദിയിലുള്ള ജനങ്ങളുടെ സുരക്ഷയ്ക്കായി ഉള്ള ഈ തീരുമാനങ്ങൾ താത്ക്കാലികമാണെന്നും, സാഹചര്യങ്ങൾക്കനുസരിച്ച് ഈ നിയന്ത്രണങ്ങളിൽ മാറ്റം വരാം എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.