കുവൈറ്റ് – കൊറോണാ വൈറസ് ബാധയെത്തുടർന്ന് ഇറാനിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തി

GCC News

ഇറാനിൽ മൂന്നു പേർക്ക് കൂടി Covid-19 സ്ഥിരീകരിച്ചതോടെ ഇറാനിലേക്കുള്ള യാത്രകൾക്ക് കുവൈറ്റ് നിയന്ത്രണമേർപ്പെടുത്തി. ബുധനാഴ്ച്ച ഇറാനിലെ കൂംമിലെ (Qom) ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്ന രണ്ട് പ്രായമായ രോഗികൾ കൊറോണാ വൈറസ് ബാധയെത്തുടർന്ന് മരണപ്പെട്ടതായി സർക്കാർ വാർത്താ ഏജൻസികൾ അറിയിച്ചിരുന്നു. ഇത് കൂടാതെ വ്യാഴാഴ്ച്ച ഇറാനിലെ കൂംമിൽ നിന്നും അറാക്കിൽ നിന്നും മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ച് കൊണ്ട് ഇറാനിലെ ആരോഗ്യ വകുപ്പിന്റെ അറിയിപ്പ് വന്നതോടെയാണ് കുവൈറ്റിന്റെ യാത്രാ നിയന്ത്രണങ്ങൾ നിലവിൽ വന്നത്.

ഇറാനിലേക്കും തിരിച്ചും പോർട്ട് മാർഗ്ഗമുള്ള യാത്രകൾ താത്കാലികമായി തടഞ്ഞു കൊണ്ട് കുവൈറ്റ് പോർട്സ് അതോറിറ്റി (KPA) വ്യാഴാഴ്ച്ച പ്രത്രക്കുറിപ്പിറക്കിയിരുന്നു. യാത്രികരുടെ ഇടയിൽ രോഗം പകരാനുള്ള സാഹചര്യങ്ങൾ തടയുന്നതിനാണ് ഈ നിയന്ത്രണം എന്ന് അധികൃതർ കൂട്ടിച്ചേർത്തു. ഇറാനിലെ കൂംമിൽ നിന്നും വന്നിട്ടുള്ളവരെ സൂക്ഷ്മനിരീക്ഷണത്തിനു വിധേയരാക്കുവാനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. കുവൈറ്റിലുള്ളവരുടെ സുരക്ഷയെ കരുതിയാണ് ഈ നടപടികൾ എന്നും ഈ യാത്രികരെ അവർക്ക് വൈറസ് ബാധയില്ല എന്ന് ഉറപ്പാക്കുന്നത് വരെ ഐസൊലേഷനിൽ നിരീക്ഷണ വിധേയരാക്കുന്നതായിരിക്കും എന്നും മന്ത്രാലയം അറിയിച്ചു. ഇറാനിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ പ്രകാരം രോഗബാധ സ്ഥിരീകരിച്ച കൂംമിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം താത്കാലികമായി അടച്ചിരിക്കുകയാണ്.

ഇത് കൂടാതെ കുവൈറ്റ് എയർവേസ് ഇറാനിലേക്കുള്ള എല്ലാ സർവീസുകളും താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെയും ആഭ്യന്തര വ്യേമയാനമന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങളെത്തുടർന്നാണ് ഈ നടപടി.