രാജ്യത്ത് ഇന്ന് 4 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട COVID-19 കേസുകളുടെ എണ്ണം 43 ആയി. ഇതിൽ കേരളത്തിൽ നിന്ന് ആദ്യം രോഗബാധ കണ്ടെത്തിയ മൂന്ന് പേർ സുഖം പ്രാപിച്ചിരുന്നു.
കൊച്ചിയിൽ നിന്ന് 3 വയസ്സുള്ള ഒരു കുട്ടിക്കും, ഡൽഹി, ഉത്തർപ്രദേശ്, ജമ്മു എന്നിവിടങ്ങളിൽ നിന്നും ഓരോ ആളുകൾക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയിൽ നിന്ന് ഈ മാസം 7-നു മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്തു വന്ന കുട്ടിക്കാണ് കൊച്ചിയിൽ നിന്ന് രോഗബാധ കണ്ടെത്തിയിട്ടുള്ളതെന്നും, ഇവരെ കളമശ്ശേരിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യാവസ്ഥ നിലവിൽ തൃപ്തികരമാണ്.
വിദേശങ്ങളിൽ നിന്ന് യാത്ര ചെയ്തു മടങ്ങുന്നവർ കൃത്യമായി തങ്ങൾ യാത്ര ചെയ്തായിടങ്ങളുടെ വിവരം ദയവായി ആരോഗ്യ സുരക്ഷാ അധികാരികളുമായി പങ്കുവെക്കുക.