സംസ്ഥാനത്ത് ജലഗുണനിലവാര പരിശോധനയ്ക്ക് സമഗ്രസംവിധാനവുമായി ഹരിതകേരളം മിഷൻ. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും പരിശോധനാലാബുകൾ സജ്ജമാക്കും.
വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ രസതന്ത്രലാബുകളോടനുബന്ധിച്ചാണ് ജലഗുണനിലവാരലാബുകൾ സ്ഥാപിക്കുന്നത്. സ്‌കൂളിലെ ശാസ്ത്രാധ്യാപകർക്ക് ഇതിനുള്ള പരിശീലനം നൽകും. ഫർണിച്ചർ, കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സജ്ജമാക്കൽ, പരിശോധനാ കിറ്റ്‌വാങ്ങൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് അധികമായി ചെയ്യേണ്ടിവരിക. ഇതിനായി എം.എൽ.എ.മാരുടെ ആസ്തിവികസന ഫണ്ടിൽ നിന്നും പണം വിനിയോഗിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. കിണറുകളും കുളങ്ങളും ഉൾപ്പെടെയുള്ള കുടിവെള്ള സ്രോതസ്സുകളിലെ ഗുണനിലവാരം പരിശോധിക്കുകയാണ് ലക്ഷ്യം.
വേനൽ കടുക്കുന്നതോടെ ശുദ്ധജലലഭ്യത കുറയുകയും ജലമലിനീകരണം കൂടുകയും അതുവഴി പകർച്ചവ്യാധി സാധ്യത വർദ്ധിക്കുകയും ചെയ്യും. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനസർക്കാർ ജലഗുണനിലവാരം പരിശോധിക്കാനുള്ള സൗകര്യങ്ങൾ വ്യാപിപ്പിക്കാൻ പദ്ധതിയിട്ടത്. കേരളത്തിലെ 60 ലക്ഷത്തിലധികംവരുന്ന കിണറുകളിലെ ജലം പരിശോധിച്ച് കുടിക്കാൻ യോഗ്യമാണോയെന്ന് നിശ്ചയിക്കുന്നതിനുള്ള പദ്ധതിയാണ് ഹരിതകേരളം മിഷൻ ഇതിലൂടെ ലക്ഷ്യമിടുന്നത്.