ദുബായ് ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ കായികമത്സര പരിപാടിയായ ഗവ് ഗെയിംസ് 2020 (Gov Games 2020) കൊറോണാ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി മാറ്റിവെച്ചതായി ദുബായ് മീഡിയ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. 170-ൽ പരം ടീമുകൾ പങ്കെടുക്കാനിരുന്ന ഈ കായിക മേള മാർച്ച് 18 മുതൽ 21 വരെ ദുബായ് കൈറ്റ് ബീച്ചിൽ വെച്ചാണ് നടക്കേണ്ടിയിരുന്നത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
അന്താരാഷ്ട്ര തലത്തിലും പ്രാദേശികതലത്തിലും ഉള്ള മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയെ മുൻനിർത്തി എടുക്കുന്ന നടപടികളുടെ ഭാഗമായാണ് ഇപ്പോൾ ഈ കായിക മേള മാറ്റിവെച്ചിട്ടുള്ളതെന്ന് കുറിപ്പിൽ പറയുന്നു. പങ്കെടുക്കുന്നവരിൽ ഒത്തൊരുമ, സഹനശക്തി, കഴിവുകൾ കണ്ടെത്തൽ എന്നിവയെല്ലാം വളർത്തുന്നതിനുള്ള മാനസികമായതും ശാരീരികമായതുമായ നിരവധി പരിപാടികളാണ് ഈ മേളയുടെ ഭാഗമായി അരങ്ങേറാനിരുന്നത്.