ലോകത്തെ ഏറ്റവും അപൂര്വ്വമായ താറാവ് ഇനമായ മഡഗാസ്കർ പൊച്ചാർഡ് (Madagascar Pochard) വംശനാശഭീഷണിയെ അതിജീവിച്ച് തിരികെ വരുന്നതിന്റെ ലക്ഷണമായി വടക്കൻ മഡഗാസ്കറിലെ വിദൂര തടാകമായ സോഫിയയിൽ 12 പുതിയ താറാക്കുഞ്ഞുങ്ങളെ കണ്ടെത്തി. 1991 മുതൽ വംശനാശത്തിന്റെ വക്കിൽ നിന്നിരുന്ന ഈ താറാവ് വംശം 2006 നു ശേഷം ഇത് ആദ്യമായാണ് വനാന്തരീക്ഷത്തിലെ വിജയകരമായി പ്രത്യുത്പാദനം നടത്തുന്നത്.
1991 മുതൽ 2006 വരെ ഇവയെ വംശംനാശം വന്നതായി കണക്കാക്കിയിരുന്നു. മഡഗാസ്കറിലെ തന്നെ വിദൂരമായ മറ്റൊരു തടാകതീരത്ത് 2006-ൽ മഡഗാസ്കർ പൊച്ചാർഡ് ഇനത്തിൽ പെട്ട ഏതാനം താറാവുകളെ, വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന പെരിഗ്രീൻ ഫണ്ട് (The Peregrine Fund) എന്ന സംഘടനയുടെ, ജീവശാസ്ത്രജ്ഞന്മാർ കണ്ടെത്തുന്നതോടെയാണ് ഈ വംശത്തിന്റെ പരിപാലനത്തിനായി ഒരു പ്രത്യേക സംരക്ഷണ പദ്ധതി രൂപം കൊള്ളുന്നത്.
യു കെ ആസ്ഥാനമായുള്ള വൈൽഡ്ഫൗൾ ആൻഡ് വെറ്റ്ലാൻഡ്സ് ട്രസ്റ്റും (WWT), ജേഴ്സി ആസ്ഥാനമായുള്ള ഡ്യൂറൽ വൈൽഡ് ലൈഫ് കൺസർവേഷൻ ട്രസ്റ്റും ചേർന്ന് രൂപം കൊടുത്ത ഈ സംരക്ഷണ പദ്ധതിയിൽ 2018-ൽ യു എ ഇയിലെ മുഹമ്മദ് ബിൻ സായിദ് സ്പീഷിസ് കൺസർവേഷൻ ഫണ്ട് (Mohammad Bin Zayed Species Conservation Fund) വലിയ സാമ്പത്തിക സഹായം നൽകിയിരുന്നു. ഇങ്ങിനെ കണ്ടെത്തിയ താറാവുകളിൽ ചിലതിനെ ഈ പദ്ധതിയുടെ ഭാഗമായി പ്രത്യേക സംരക്ഷിത ഇടങ്ങളിൽ വളർത്തുകയും പ്രത്യേകമായി വിരിയിച്ചെടുത്ത അവയുടെ കുഞ്ഞുങ്ങളെ 2018 ഡിസംബറിൽ സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ച സോഫിയ തടാകത്തിലേക്ക് തുറന്നു വിടുകയും ചെയ്തിരുന്നു.
ഇങ്ങിനെ അവയുടെ സ്വാഭാവികമായ വന്യ ആവാസ വ്യവസ്ഥയിലേക്ക് വീണ്ടും പരിചയപ്പെടുത്തിയ താറാവുകളുടെ ആദ്യ താറാകുഞ്ഞുങ്ങളെയാണ് ഇപ്പോൾ സോഫിയ തടാകത്തിൽ നിന്ന് കണ്ടെത്തിയത്. എട്ടും, നാലും കുഞ്ഞുങ്ങൾ വീതമുള്ള ഈ രണ്ട് താറാ കുടുംബങ്ങൾ മഡഗാസ്കർ പൊച്ചാർഡ് സംരക്ഷണ പദ്ധതികൾ ശരിയായ ദിശയിലാണ് എന്നതിന്റെ പ്രചോദനം നല്കുന്ന അടയാളങ്ങളാണ്.