ലോകാരോഗ്യ സംഘടന: COVID-19 എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന ഭീഷണി, വേണ്ടത് തീവ്രമായ തയ്യാറെടുപ്പ്

International News

COVID-19 പ്രതിരോധിക്കുന്നതിനുള്ള നടപടികൾ കൈകൊള്ളുന്നതിൽ എല്ലാ രാജ്യങ്ങളും വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്ന് ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി. യൂറോപ്പിലും അമേരിക്കയിലും രോഗം പടരുന്ന സാഹചര്യത്തിൽ, ആരോഗ്യ പ്രവർത്തകർ ആരോഗ്യ സംവിധാനങ്ങളുടെ തയ്യാറെടുപ്പിൽ ചില ആശങ്കകൾ പങ്കുവെച്ചതിനു പിന്നാലെയാണ് WHO എല്ലാ രാജ്യങ്ങളോടും കൂടുതൽ ജാഗ്രതയോടെ രോഗപ്രതിരോധ നടപടികളും തയ്യാറെടുപ്പുകളും ഊർജ്ജിതപ്പെടുത്താൻ നിർദ്ദേശിച്ചത്.

ആഗോളതലത്തിൽ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന COVID-19 ഭീഷണിയുടെ തീവ്രത ഉൾക്കൊണ്ടുകൊണ്ടുള്ള രാഷ്ട്രീയ പ്രതിബദ്ധതയോ, നടപടികളോ പല രാജ്യങ്ങളും പ്രകടിപ്പിക്കാത്തതിൽ വ്യാഴാഴ്ച്ച WHO ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇതിനു തുടർച്ചയായി COVID-19 ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന ഭീഷണിയാണെന്നും, എല്ലാ രാജ്യങ്ങളോടും വേഗത്തിലും, പൂർണ്ണ അർപ്പണബോധത്തോടെയും, നിശ്ചയദാര്‍ഢ്യത്തോടെയും രോഗപ്രതിരോധ നടപടികൾ എടുക്കുന്നതിനായി ലോക ആരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അധനോം ഗബ്രിയായ്സസ് (Tedros Adhanom Ghebreyesus) ആഹ്വാനം ചെയ്തു.

എല്ലാ രാജ്യങ്ങളോടും അവരുടെ അടിയന്തരഘട്ടങ്ങളിൽ കൈകൊള്ളാനായി ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതികൾ നടപ്പിലാക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. ഇതിനായി ആരോഗ്യമന്ത്രാലയങ്ങൾക്ക് പുറമെ, ആഭ്യന്തര സുരക്ഷാ, നയതന്ത്രം, സാമ്പത്തികം, ഗതാഗതം, വാണിജ്യം മുതലായ വകുപ്പുകളെ കൂടി ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ നടപടികൾ ഓരോ രാജ്യവും കൈക്കൊള്ളേണ്ടതാണ്.

ഇതൊരു പരിശീലന പരിപാടിയല്ല; എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന ഭീഷണി; വേണ്ടത് തീവ്രമായ തയ്യാറെടുപ്പ്“, ലോകരാജ്യങ്ങളോട് COVID-19 രോഗബാധയെ ഗൗരവമായി കാണാൻ പ്രേരിപ്പിച്ചുകൊണ്ട് വൈകാരികമായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പരാജയം സമ്മതിക്കാനുള്ള ഒരവസരമല്ല ഇതെന്നും, ഒഴിവുകഴിവുകളെല്ലാം മാറ്റിവെച്ച് കൊണ്ട് സാധ്യമായ എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതപ്പെടുത്താം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

85-ൽ പരം രാജ്യങ്ങളിലായി നിലവിൽ ഒരു ലക്ഷത്തിലധികം ആളുകളെ കൊറോണാ രോഗം ഇതിനകം ബാധിച്ച് കഴിഞ്ഞു. 3,300 പരം മരണങ്ങൾ ഇതിനകം ഈ രോഗവുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Photo: Macau Photo Agency on Unsplash