“താളം – നിങ്ങൾ പുതുതലമുറ വളരെയധികം ഉപയോഗിക്കുന്ന ഒരു വാക്കാണത്! അതിന്റെ വിശാലമായ തലത്തിൽ എനിക്ക് മനസ്സിലാക്കാനിതുവരെയായിട്ടില്ലെങ്കിലും, ചെറിയ ഇടങ്ങളിലെ ജീവിതത്തിന്റെ താളം അറിയാൻ നിങ്ങൾ എന്നെ പ്രാപ്തനാക്കിയിട്ടുണ്ട്. ആൽഗകളിൽ നിന്ന് പ്ലാങ്ക്ടണ്ണുകളിലേക്ക്, ഷഡ്പദങ്ങളിൽ നിന്ന് മൽസ്യങ്ങളിലേക്ക്, അണുജീവികളിൽ നിന്ന് വീണ്ടും ഷഡ്പദങ്ങളിലേക്കും പിന്നെ മത്സ്യങ്ങളിലേക്കും, അവയിൽ നിന്ന് പക്ഷികളിലേക്കും, മറ്റു ജീവജാലങ്ങളിലേക്കും, അവസാനം മനുഷ്യനിലേക്കും. ജീവന്റെ താളം ജീര്‍ണ്ണതയിൽ നിന്നും, രാസപദാര്‍ത്ഥങ്ങളിൽ നിന്നും, ഏകകോശജീവികളിൽ നിന്നും ആരംഭിക്കുന്നു, ഒടുക്കം അവയിലേക്ക് തന്നെ മടങ്ങുന്നു.” – സെനറ്റർ ഇവാൻസ്; റോഡറിക്ക് ഹൈഗ്-ബ്രൗൺ സാൽമൺ ദേശാടനത്തെ ആസ്പദമാക്കി രചിച്ച ‘റിട്ടേൺ ടു ദി റിവർ’ എന്ന പുസ്തകത്തിൽ നിന്ന്.
ജീവജാലങ്ങളിലെ ദേശാടനത്തിനുള്ള പ്രേരണ നൽകുന്ന ഘടകങ്ങളും, ദേശാടനപ്രക്രിയയുടെ രീതികളും വിഭിന്നമാണ്. പ്രകൃതിയിലെ ഈ ദേശാന്തരയാത്രകൾ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുന്ന തരത്തിൽ നാടകീയവും, അതിസങ്കീര്‍ണവും ആണെന്ന് കാണാം. ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി സാൽമൺ മത്സ്യങ്ങൾ സമുദ്രത്തിൽ നിന്ന് തങ്ങൾ ജനിച്ചു വീണ ശുദ്ധജലസ്രോതസ്സുകൾ തേടി നടത്തുന്ന ഇത്തരം ദേശാടന യാത്രകൾ പ്രകൃതിയിലെ തീർത്തും വിസ്മയിപ്പിക്കുന്ന കാഴ്ചകളിലൊന്നാണ്.
ട്രൗട് പോലെയുള്ള ശുദ്ധജലമത്സ്യങ്ങൾ ഉൾപ്പെടുന്ന സാൽമോനിഡ് (Salmonidae) കുടുംബത്തിലെ അംഗമാണ് സാൽമൺ മത്സ്യങ്ങൾ. ഈ കുടുംബത്തിലെ ഓങ്കോറിങ്കസ് (Oncorhynchus) വർഗ്ഗത്തിൽ പെടുന്ന സ്വാഭാവികമായി വടക്കൻ പസിഫിക്കിൽ മാത്രം കണ്ടുവരുന്ന എട്ടു ജാതിയിലുള്ള മത്സ്യങ്ങളെയും, സാൽമോ (Salmo) വർഗ്ഗത്തിൽ പെടുന്ന സ്വാഭാവികമായി വടക്കൻ അറ്റ്ലാന്റിക് സമുദ്രതീരങ്ങളിൽ കണ്ടുവരുന്ന മത്സ്യങ്ങളെയും പൊതുവിൽ സാൽമൺ എന്ന നാമത്തിൽ തന്നെയാണ് വിശേഷിപ്പിക്കാറുള്ളത്.
ശുദ്ധജലസ്രോതസ്സുകളിൽ ജനിച്ചു വീഴുന്ന സാൽമൺ മത്സ്യങ്ങൾ അവയുടെ പ്രാരംഭ വർഷങ്ങൾ ശുദ്ധജലത്തിൽ തന്നെ കഴിച്ചു കൂട്ടുകയും, പിന്നീട് പുഴകളിലൂടെ ദേശാടനം ചെയ്ത് സമുദ്രത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. സമുദ്രത്തിൽ ഏതാനം വർഷങ്ങളോളം വളരുന്ന അവ, പ്രായപൂർത്തിയാകുമ്പോൾ സമുദ്രത്തിൽ നിന്ന് പ്രത്യുത്പാദനത്തിനായി അവ ജനിച്ച് വീണ ശുദ്ധജലസ്രോതസ്സുകളിലേക്ക് മടങ്ങിപോകുന്നു. സാൽമണുകൾക്ക് സാധാരണയായി എട്ടു വർഷമാണ് പരമാവധി ആയുസ്സ്.
അറ്റ്ലാൻറ്റിക് സാൽമണുകളുടെ ദേശാടന പരിവൃത്തി
അറ്റ്ലാൻറ്റിക് സാൽമണുകൾ അവയുടെ പ്രായപൂർത്തിയായ ശേഷമുള്ള ജീവിതത്തിന്റെ വലിയ ഒരുപങ്കും സമുദ്രത്തിലാണ് ചെലവഴിക്കുന്നതെങ്കിലും, അവയുടെ സാഹസികമായ ജീവിതം ആരംഭിക്കുന്നത് വടക്കേ അറ്റ്ലാന്റിക്ക് സമുദ്രത്തിലേക്കൊഴുകിയെത്തുന്ന ശുദ്ധജലം വഹിക്കുന്ന നദികളിലാണ്. മുട്ടകൾ വിരിയാനായി മൂന്നുമാസത്തെ കാത്തിരിപ്പിനു ശേഷം ശുദ്ധജലത്തിലേക്ക് വിരിഞ്ഞുണ്ടാകുന്ന മീൻകുഞ്ഞുങ്ങൾക്ക് തുടക്കത്തിൽ ഒരു ഇഞ്ച് മാത്രമേ വലിപ്പമുണ്ടാകാറുള്ളൂ. പ്രാരംഭദിശയിൽ അവ അവയുടെ ദേഹത്തു പറ്റിപിടിച്ചിരിക്കുന്ന മുട്ടയിലെ മഞ്ഞക്കരുവിൽനിന്നാണ് ജീവൻ നിലനിർത്തുന്നത്.
സാൽമൺ മത്സ്യകുഞ്ഞുങ്ങൾ പരൽമീൻ വലിപ്പമാകുമ്പോളേക്കും ഈ മഞ്ഞക്കരു മുഴുവനായും ഉപയോഗിച്ചുതീരുകയും പിന്നീട് അവ പ്ലാങ്ക്ടൺ, പ്രാണികളുടെ കോശകൃമികൾ എന്നിവയെയെല്ലാം ഭക്ഷിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു. ഈ പരൽമീൻ വലിപ്പമുള്ള സാൽമൺ കുഞ്ഞുങ്ങൾ വളരെ വേഗം തന്നെ വളരുകയും ദേഹത്തെല്ലാം വരയടയാളങ്ങളോട് കൂടിയ പാർ (parr) എന്ന വളർച്ചയുടെ ദിശയിൽ എത്തുകയും ചെയുന്നു. ഈ വരകൾ അവയ്ക്ക് ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗം നൽകുന്നു. ഈ അവസ്ഥയിൽ അവ പ്രാണികളെയും, പുഴുക്കളേയും മറ്റും ഭക്ഷിക്കുകയും ആദ്യ ഒന്ന് മുതൽ മൂന്ന് വർഷം വരെ ശുദ്ധജല അരുവികളിൽ തന്നെ കഴിച്ചുകൂട്ടുകയും ചെയ്യുന്നു.
പാർ അവസ്ഥയിൽ നിന്ന് വളരുന്ന സാൽമൺ മത്സ്യങ്ങൾക്ക് പതിയെ അവയുടെ ശരീരത്തിലെ വരയടയാളങ്ങൾ നഷ്ടമാകുകയും പകരം ശരീരം വെള്ളിനിറമാർന്നതായി മാറുകയും ചെതുമ്പലുകൾ വളരുകയും ചെയ്യുന്നു. സ്‌മോൾട്ട് (smolts) എന്ന ഈ അവസ്ഥയിൽ സാൽമണുകൾക്ക് ഉപ്പുവെള്ളത്തിൽ ജീവിക്കാൻ ശാരീരികമായി പ്രാപ്തി കൈവരുന്നു. അവ തങ്ങൾ ജനിച്ചു വളർന്ന ശുദ്ധജല സ്രോതസ്സുകളിൽ നിന്ന് അവയുടെ ആദ്യ സമുദ്രത്തിലേക്കുള്ള ദേശാടനത്തിന് തയ്യാറാകുന്നു. പുഴകളിലൂടെയും അരുവികളിലൂടെയും സമുദ്രത്തിലേക്ക് യാത്രയാകുന്ന സാൽമൺ മത്സ്യങ്ങൾ പിന്നീടുള്ള ഒന്ന് മുതൽ നാല് വർഷം വരെ സമുദ്രത്തിലാണ് വളരുന്നത്.
സമുദ്രത്തിൽ ഈ മത്സ്യങ്ങൾ അറ്റ്ലാന്റിക്കിലുടനീളം സമുദ്രജലപ്രവാഹത്തോടൊപ്പം ആയിരകണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കുകയും വേഗത്തിൽ പ്രായപൂർത്തി കൈവരിക്കുകയും ചെയ്യുന്നു. സാൽമൺ മത്സ്യങ്ങൾ ഈ അവസ്ഥയിൽ അഞ്ച് അടിയോളം നീളം വെക്കുകയും 3 മുതൽ 10 പൗണ്ട് വരെ തൂക്കം വെക്കുകയും ചെയ്യും. ചെമ്മീൻ, സാൻഡ് ഈൽ മത്സ്യങ്ങൾ, ചെറിയ മറ്റു മത്സ്യങ്ങൾ എന്നിവയെ ഭക്ഷിച്ചാണ് സാൽമണുകൾ സമുദ്രത്തിൽ വളരുന്നത്. അവ ഭക്ഷിക്കുന്ന ഒരുതരം ചെറു ചെമ്മീനുകളിൽ അടങ്ങിയിട്ടുള്ള കാരറ്റെനോയിഡ് (Carotenoid) വർണ്ണങ്ങൾ സാൽമണുകളുടെ മാംസത്തിന് കാണപ്പെടുന്ന ഇളംചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിനു കാരണമാകുന്നു. സാൽമണുകൾ ഈ ചെമ്മീനുകളെ ഭക്ഷിക്കുമ്പോൾ ഈ വർണ്ണങ്ങൾ അവയുടെ ശരീരത്തിലെ കൊഴുപ്പിൽ ശേഖരിക്കപ്പെടുന്നു. ഇതേ വർണ്ണങ്ങളാണ് ഫ്ളമിംഗോ പക്ഷികൾക്ക് അവയുടെ ഉജ്ജ്വലമായ പിങ്ക് നിറം കൊടുക്കുന്നത്.
പ്രായപൂർത്തിയാകുന്നതോടെ സാൽമൺ മത്സ്യങ്ങൾ പ്രജനനത്തിനായി അവ ജനിച്ച് വളർന്ന പുഴകളുടെയും അരുവികളുടെയും അതേയിടങ്ങളിലേക്ക് തിരികെ യാത്രചെയ്യാൻ തയ്യാറാകുന്നു. സമുദ്രത്തിൽ നിന്ന് പുഴകളിലൂടെ തങ്ങൾ ജനിച്ച് വളർന്നയിടങ്ങൾ തേടിയുള്ള ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടിയുള്ള ഈ യാത്ര ആറാഴ്‌ച്ചയോളം നീണ്ടുനിൽക്കും. വടക്ക്-കിഴക്കൻ അമേരിക്ക, കാനഡ, സ്പെയിൻ മുതൽ ആർക്ടിക് റഷ്യവരെ നീണ്ടു കിടക്കുന്ന യൂറോപ്പ് എന്നിവിടങ്ങളിലെ പുഴകൾ ഈ സന്ദർഭങ്ങളിൽ ഇത്തരം സാൽമൺ ദേശാടനയാത്രകളുടെ പാതകളായി മാറുന്നു.
സമുദ്രത്തിൽ നിന്ന് ജനിച്ചയിടം തേടിയുള്ള അപകടങ്ങൾ നിറഞ്ഞ യാത്ര
ശരത്കാല വേളയിലാണ് സാധാരണയായി എല്ലാ വർഷവും ആയിരക്കണക്കിന് സാൽമൺ മത്സ്യങ്ങൾ സമുദ്രത്തിൽ നിന്ന് പുഴകളിലൂടെ സഞ്ചരിക്കുന്ന അത്ഭുതദൃശ്യം അരങ്ങേറാറുള്ളത്. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വർഷങ്ങളോളം ജീവിച്ചു വളർച്ചയെത്തിയ സാൽമൺ മത്സ്യങ്ങൾ തങ്ങളുടെ ആദ്യ സമുദ്രയാത്രയ്ക്ക് തിരഞ്ഞെടുത്ത അതേ പാതയിലൂടെ തിരികെ അവ ജനിച്ച് വീണ ഇടം തേടി വീണ്ടും സഞ്ചരിക്കുന്നു. വിദൂരങ്ങളിൽ സ്ഥിതിചെയ്യുന്ന ഗ്രീൻലാൻഡിൽ നിന്ന് പോലും ആരംഭിക്കുന്ന ഈ ദേശാടനയാത്ര പ്രകൃതിയിലെ അതിശയക്കാഴ്കളിൽ ഒന്നാണ്.
അവ സമുദ്രത്തിലേക്ക് സഞ്ചരിച്ചെത്തിയ പുഴകൾ മഴയിൽ നിറഞ്ഞൊഴുകുന്നതോടെ സാൽമണുകൾ നദിയുടെ ഒഴുക്കിനെതിരായി മേലോട്ട് യാത്രയാരംഭിക്കുന്നു. എവിടെയും വിശ്രമമില്ലാതെ ഒറ്റയടിക്ക് യാത്രചെയ്യുക എന്നതാണ് സാധാരണയായി ഇവ സമുദ്രത്തിൽ നിന്നുള്ള ദേശാടന യാത്രയ്ക്ക് അവലംബിക്കുന്ന രീതി. ഒരുപാട് പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടതായിവരുന്ന കഠിനമായ ഈ യാത്ര വിജയകരമായി പൂർത്തിയാക്കുമ്പോളേക്കും സാൽമണുകൾക്ക് അവയുടെ ശരീരഭാരത്തിന്റെ ഏതാണ്ട് മൂന്നിലൊന്ന് നഷ്ടമാവുന്നു. പുഴയുടെ കുത്തൊഴുക്കുള്ള ഭാഗങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം അവ കരുത്തും അശ്രാന്തപരിശ്രമത്തിലൂടെയും മറികടക്കുന്ന കാഴ്ച്ച തീർത്തും പ്രചോദിപ്പിക്കുന്നതാണ്.
പുഴയുടെ ഒഴുക്കിനെതിരെയുള്ള യാത്രയിൽ അവ ചെറുവെള്ളച്ചാട്ടങ്ങളെ പോലും തരണം ചെയ്യുന്നു. 8 മുതൽ 10 അടി വരെ ഉയരത്തിൽ വെള്ളത്തിൽ നിന്ന് ചാടാനും, ശക്തമായി വാലിട്ടടിച്ച് കുതിക്കാനുള്ള കഴിവും വെള്ളച്ചാട്ടങ്ങളെ മറികടക്കാൻ അവയെ സഹായിക്കുന്നു. ഇവയുടെ സ്വാഭാവികമായ ദേശാടങ്ങൾക്ക് പലപ്പോഴും അണക്കെട്ടുകൾ തടസ്സമാവാറുണ്ട്. അത്തരം പ്രദേശങ്ങളിൽ സാൽമൺ ദേശാടത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ മനുഷ്യർ മത്സ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന പ്രത്യേക ഗോവണികൾ പോലെയുള്ള ചെറുവെള്ളച്ചാട്ടങ്ങളുടെ ശൃംഖലകൾ (fish-ladders) തീർത്ത് അവയുടെ സഞ്ചാരം സാധ്യമാക്കുന്നു.
ഭൂമിശാസ്‌ത്രപരമായ തടസ്സങ്ങൾ കൂടാതെ മനുഷ്യരും, കരടികൾ, പരുന്തുകൾ മുതലായ ജീവിവർഗ്ഗങ്ങളും, സാൽമണുകൾക്ക് ദേശാടനയാത്രയിൽ ഭീഷണികൾ ഉണ്ടാക്കുന്നു. പുഴയിൽ അവ ജനിച്ചു വീണ നീര്‍ച്ചാലിൽ എത്തുന്നതോടെ സാൽമണുകളുടെ അത്യന്തം ആപത്‌കരമായ യാത്ര പൂർത്തിയാകുന്നു. ഇതോടെ അവ ജീവന്റെ ചക്രം നിലനിർത്തുന്നതിനുള്ള പ്രജനന പ്രക്രിയയിലേക്ക് കടക്കുകയും, അവ ജനിച്ചു വീണയിടത്ത് തന്നെ ജീവന്റെ പുതുനാമ്പുകൾ വിരിയാനായി മുട്ടകളിടുകയും ചെയ്യുന്നു.
ഇത്തരത്തിൽ പ്രജനനപ്രക്രിയ പൂർത്തിയാക്കിയ സാൽമണുകളെ കെൽട് (kelt) എന്നാണ് വിളിക്കുന്നത്. പ്രജനന പ്രക്രിയ പൂർത്തിയാകുന്നതോടെ സാൽമണുകൾ പുഴകളിലൂടെ തിരികെ സമുദ്രം ലക്ഷ്യമാക്കി യാത്രതിരിക്കുകയാണ് പതിവെങ്കിലും, അതികഠിനവും ദിർഘവുമായ ദേശാടന യാത്രയുടെ തളർച്ചയിൽ ഭൂരിഭാഗവും മുട്ടയിടുന്നതോടെ ജീവൻവെടിയുന്നു. യാത്രയുടെയും പ്രജനന പ്രക്രിയയുടെയും ക്ലേശങ്ങളെ അതിജീവിക്കുന്ന മത്സ്യങ്ങൾ സമുദ്രത്തിലേക്ക് യാത്രചെയ്യുകയും, അവ ഒന്നോ രണ്ടോ വർഷത്തെ സമുദ്ര ജീവിതത്തിനു ശേഷം പ്രജനനത്തിന്നായി തങ്ങളുടെ ജനിച്ചയിടം തേടി വീണ്ടുമൊരു ദേശാടനയാത്രയ്ക്ക് തയ്യാറാകുന്നു.
സാൽമൺ മത്സ്യങ്ങൾ എങ്ങിനെയാണ് തങ്ങളുടെ ജനിച്ചയിടങ്ങളിലേക്കുള്ള വഴി കണ്ടെത്തുന്നത്?
സമുദ്രത്തിൽ നിന്നുള്ള ദേശാടന യാത്രയിൽ പലപ്പോഴും ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി, ശുദ്ധജലസ്രോതസ്സിലെ തങ്ങൾ ജനിച്ചു വീണ ഇടം കൃത്യതയോടെ കണ്ടെത്തുന്നത് പ്രകൃതിയിലെ ആശ്ചര്യപ്പെടുത്തുന്ന ഒരു കാഴ്ച്ചയാണ്. സമുദ്രത്തിൽ നിന്ന് തങ്ങൾ ചെറുപ്പത്തിൽ സഞ്ചരിച്ചെത്തിയ പുഴകൾ കണ്ടെത്താൻ അവ ഭൂമിയുടെ കാന്തിക വലയം, സമുദ്ര ജലപ്രവാഹങ്ങൾ, നക്ഷത്രങ്ങളുടെ സ്ഥാനം മുതലായ ഒരുപറ്റം ഘടകങ്ങളെ ആശ്രയിക്കുന്നു. എന്നാൽ ഈ യാത്രയിൽ നമ്മെ തീർത്തും അതിശയിപ്പിക്കുന്നത് ഈ മത്സ്യങ്ങൾ പുഴയിൽ തങ്ങൾ ജനിച്ച സ്ഥാനം കൃത്യതയോടെ എങ്ങിനെ കണ്ടെത്തുന്നു എന്നതാണ്. അവയെ ആ സ്ഥാനത്തേക്ക് കൃത്യമായി നയിക്കുന്ന ഘടകങ്ങൾ പ്രകൃതിയിലെ ജീവന്റെ സങ്കീര്‍ണ്ണതയ്ക്ക് ഉത്തമ ഉദാഹരണമാണ്.
ജനിച്ചു വീണിടത്തേക്കുള്ള ഗതിനിയന്ത്രണത്തിനായി ഈ മത്സ്യങ്ങൾ ഒരു തരം രാസപദാർത്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക ഓർമ്മകളെയാണ് ഉപയോഗിക്കുന്നത്. ഓരോ അരുവികൾക്കും പോഷകനദികൾക്കും അവയുടേത് മാത്രമായ പാദമുദ്ര പോലെയുള്ള സവിശേഷമായ രാസസംയോഗങ്ങളുണ്ട്. ഇവ ഈ മത്സ്യങ്ങളുടെ ഓർമകളിൽ ജനിച്ചു വീണ അവസ്ഥയിൽ തന്നെ മുദ്രകുത്തപ്പെടുന്നു. ഇത്തരത്തിലുള്ള ഘ്രാണപരമായ ഓർമ്മകൾ അവയെ പുഴകളിൽ തങ്ങൾ ചെറുപ്പകാലം ചെലവിട്ടയിടങ്ങളിലേക്ക് കൃത്യമായി നയിക്കുന്നു. ഇത്തരത്തിൽ സാൽമൺ മത്സ്യങ്ങളുടെ ഘ്രാണമുദ്രകളെ അടിസ്ഥാനമാക്കിയുള്ള പുഴകളുടെ നിശ്ചിത ഇടങ്ങളിലേക്കുള്ള ഗതിനിയന്ത്രണതിനെക്കുറിച്ച് പ്രശസ്തനായ പ്രകൃതിശാസ്ത്ര പണ്ഡിതനായ ഡേവിഡ് അറ്റെൻബൊറോ തന്റെ ലിവിങ് പ്ലാനറ്റ് എന്ന പുസ്തകത്തിൽ ഇങ്ങിനെ കുറിക്കുന്നു:
“ഈ മത്സ്യങ്ങൾ പ്രായപൂർത്തിയാകുമ്പോൾ സമുദ്രത്തിൽ വെച്ച് അവ വലിയ മത്സ്യക്കൂട്ടങ്ങളായി തിരിയുകയും, അവ ചെറുപ്പത്തിൽ സമുദ്രത്തിലേക്ക് യാത്ര ചെയ്ത നദികളുടെ ഒഴുക്കിനെതിരായി മേലോട്ട് യാത്രയാരംഭിക്കുകയും ചെയ്യുന്നു. അവ തെറ്റുപറ്റാതെ പുഴയിലെ വെള്ളത്തിൽ അലിഞ്ഞു ചേർന്ന ധാതുപദാര്‍ത്ഥങ്ങളുടെയും മറ്റു ജൈവവസ്തുക്കളുടെയും അളവുകളിൽ നിന്ന് അവയ്ക്ക് കൃത്യമായി അറിയാൻ കഴിയുന്ന വഴിയടയാളങ്ങളെ അടിസ്ഥാനമാക്കി അവയുടെ പൈതൃക പോഷകനദിയെ കണ്ടെത്തുന്നു…”
അടിസ്ഥാനപരമായി ഒരു ശുദ്ധജല മത്സ്യമാണെങ്കിലും അവ ജനിക്കുന്ന അരുവികളിലെ ഭക്ഷണ ലഭ്യതയുടെ സാധ്യതയിലുള്ള കുറവുകളാണ് സാൽമണുകളെ ദേശാടനസ്വഭാവമുള്ള ജീവികളാക്കുന്നത്. ഒഴുക്കില്ലാത്ത ശുദ്ധജലസ്രോതസ്സുകളിൽ കാണപ്പെടുന്നവയല്ലാത്ത എല്ലാ സാൽമൺ മത്സ്യ ഇനങ്ങളും ദേശാടനസ്വഭാവമുള്ളവയാണ്. പുഴകളിലെ പോലെ വളരെ വേഗത്തിലുള്ള വെള്ളത്തിന്റെ ഒഴുക്കിൽ പോഷകങ്ങൾ നഷ്ടമാകുന്ന പ്രശ്‍നം കരയാൽ ചുറ്റപ്പെട്ട ശുദ്ധജലസ്രോതസ്സുകളിൽ കണ്ടുവരുന്നില്ല. ഏഷ്യൻ അയു, ഈൽ മുതലായവ സാൽമണുകളെ പോലെ ശുദ്ധജലസ്രോതസ്സുകളിൽ നിന്ന് സമുദ്രത്തിലേക്ക് ദേശാടനം നടത്തുന്ന മറ്റു മത്സ്യയിനങ്ങളാണ്.
റിട്ടേൺ ടു ദി റിവർ – സാൽമൺ ദേശാടനത്തിന്റെ മനോഹരമായ നോവൽ ആവിഷ്ക്കാരം
വന്യജീവികളെക്കുറിച്ചും മത്സ്യശാസ്ത്രത്തെക്കുറിച്ചും (ichthyology) ലോകപ്രശസ്തമായ രചനകൾ നിർവഹിച്ച കനേഡിയൻ എഴുത്തുകാരൻ റോഡറിക്ക് ഹൈഗ്-ബ്രൗൺ 1942-ൽ പ്രസിദ്ധീകരിച്ച ‘റിട്ടേൺ ടു ദി റിവർ’ സാൽമൺ ദേശാടനത്തെ മനോഹരമായ വർണ്ണനകളിലൂടെ വരച്ച് കാണിക്കുന്നു. ഈ പുസ്തകം ഷിനൂക് സാൽമൺ (Chinook salmon) മത്സ്യങ്ങളുടെ ആകർഷകമായ ജീവചരിത്രം ഒരൊറ്റ സാൽമൺ മത്സ്യത്തിന്റെ കാഴ്‌ചപ്പാടിൽ നിന്ന് ഹൃദ്യമായി വിവരിക്കുന്നു.
‘ഷിനൂക് റൺ’ (Chinook Run) എന്ന പേരിലറിയപ്പെടുന്ന സാൽമൺ മത്സ്യങ്ങളുടെ ദേശാടന യാത്ര ഹൈഗ്-ബ്രൗൺ വളരെ വിസ്തരിച്ചും ഉജ്ജ്വലമായ ഭാവനയോടും കൂടി അവതരിപ്പിക്കുന്ന ഈ പുസ്തകം അദ്ദേഹത്തിന്റെ പ്രകൃതിയെ നിരീക്ഷിക്കുന്നതിലുള്ള സൂക്ഷ്മമായ കഴിവിനെ എടുത്തു കാട്ടുന്നുണ്ട്. ‘ലോകത്തിന്റെ സാൽമൺ മത്സ്യങ്ങളുടെ തലസ്ഥാനം’ എന്ന വിളിപ്പേരുള്ള ബ്രിട്ടീഷ് കൊളംബിയയിലെ ക്യാമ്പ്ബെൽ നദീതീരത്ത് തന്റെ പത്നിയോടൊപ്പം താമസിക്കുന്ന കാലയളവിലാണ് ഹൈഗ്-ബ്രൗൺ ഈ നോവൽ രചിച്ചത്. ആ നദീതീരത്ത് നിന്ന് അദ്ദേഹം നേടിയ പ്രകൃതിയിലെ സൂക്ഷ്മമായ അറിവുകളും, കാഴ്ചകളും, ദർശനങ്ങളും റിട്ടേൺ ടു ദി റിവറിലെ എഴുത്തിനു ഒരു പ്രത്യേക മിഴിവേകുന്നു. സാൽമണുകളുടെ ജീവിത ചക്രത്തോടും തനിക്ക് ചുറ്റുമുള്ള പ്രകൃതിയോടുമുള്ള ഹൈഗ്-ബ്രൗണിന്റെ അതിരുകളില്ലാത്ത ആകർഷണം വായനക്കാരന് ഈ നോവലിലെ ഓരോ വരികളിലും ദർശിക്കാവുന്നതാണ്.
സാദാരണ വായനക്കാരന് തീർത്തും വിരസമായേക്കാവുന്ന ഒരു ജന്തുശാസ്ത്ര വിഷയത്തെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു നോവലാക്കി മാറ്റിയതിലാണ് ഹൈഗ്-ബ്രൗണിന്റെ വിജയം. ഒരു സാൽമൺ മത്സ്യത്തിന്റെ കണ്ണിലൂടെ അവയുടെ ദേശാടനത്തിന്റെ മുഴുവൻ വ്യാപ്‌തിയും വിസ്‌മയജനകമായ ആഖ്യാനത്തിലൂടെ അദ്ദേഹം വായനക്കാരനു മുന്നിലെത്തിക്കുമ്പോൾ ‘റിട്ടേൺ ടു ദി റിവർ’ പ്രകൃതി ശാസ്ത്ര രംഗത്തെ ഒരു മാതൃകാരചനയായി മാറുന്നു.
തയ്യാറാക്കിയത്: പ്രമോദ് എസ് നായർ