മുസഫ: COVID-19 പരിശോധനകളുടെ അടുത്ത ഘട്ടം പ്രഖ്യാപിച്ചു

Family & Lifestyle GCC News

കൊറോണാ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി, മുസഫയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും പതിനൊന്നാം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു. ജൂൺ 15-നു രാത്രിയാണ് DOH ഇത് സംബന്ധിച്ച അറിയിപ്പുകൾ നൽകിയത്.

മുസഫയിലെ ബ്ലോക്ക് 7, 8 എന്നിവിടങ്ങളിലാണ് പതിനൊന്നാം ഘട്ടത്തിന്റെ ഭാഗമായി കൊറോണ വൈറസ് പരിശോധനകളും, ശുചീകരണ പ്രക്രിയകളും പ്രഖ്യാപിച്ചിട്ടുള്ളത്. COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി DOH-ഉം മറ്റ് അനുബന്ധ വകുപ്പുകളും സംയുക്തമായാണ് ഈ പരിശോധനകൾ നടപ്പിലാക്കുന്നത്.

മെയ് 9 മുതൽ ആരംഭിച്ച ഈ പരിശോധനകളുടെ ആദ്യ പത്ത് ഘട്ടങ്ങളിലായി മുസഫയിലെ താഴെ പറയുന്ന ബ്ലോക്കുകളിലെ തൊഴിലാളികളുടെ ഇടയിൽ കൊറോണ വൈറസ് പരിശോധനകൾ നടത്തിയിരുന്നു.

  • ഒന്നാം ഘട്ടത്തിൽ 3, 5, 6, 23
  • രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് 10, ബ്ലോക്ക് 13
  • മൂന്നാം ഘട്ടത്തിൽ ബ്ലോക്ക് 16, 20
  • നാലാം ഘട്ടത്തിൽ ബ്ലോക്ക് 11
  • അഞ്ചാം ഘട്ടത്തിൽ 12, 15, 25
  • ആറാം ഘട്ടത്തിൽ ബ്ലോക്ക് 37
  • ഏഴാം ഘട്ടത്തിൽ ബ്ലോക്ക് 42, 43
  • എട്ടാം ഘട്ടത്തിൽ ബ്ലോക്ക് 17
  • ഒമ്പതാം ഘട്ടത്തിൽ ബ്ലോക്ക് 33, 35, 36
  • പത്താം ഘട്ടത്തിൽ ബ്ലോക്ക് 40

അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്ന ബ്ലോക്കുകളിലേക്ക് പ്രവേശിക്കുന്നതിനു ചില നിയന്ത്രണങ്ങൾ ഉണ്ടാകുമെങ്കിലും, വാണിജ്യ പ്രവർത്തനങ്ങൾ തടസപ്പെടില്ല. വിസ ചട്ട ലംഘനങ്ങൾ ഉള്ളവർക്കും ഈ ആരോഗ്യ പരിശോധനയിൽ പങ്കെടുക്കാമെന്നും, ഇവർക്കെതിരെ യാതൊരു തരത്തിലുള്ള നിയമ നടപടികളും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കൊറോണ വൈറസ് പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും വിജയത്തിനായി, കാമ്പയിൻ അഡ്‌മിനിസ്ട്രേറ്റർമാർ നൽകുന്ന ഓരോ നിർദ്ദേശങ്ങളും പാലിക്കാനും, പൂർണ്ണമായി സഹകരിക്കാനും ബ്ലോക്ക് 7, 8 എന്നിവിടങ്ങളിലെ നിവാസികളോട് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.