അൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിൽ COVID-19 പരിശോധനകളുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു

Family & Lifestyle GCC News

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി, അൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിൽ നടപ്പിലാക്കുന്ന സൗജന്യ കൊറോണാ വൈറസ് പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു. ഇന്നലെ അർദ്ധരാത്രിയാണ് DOH ഇത് സംബന്ധിച്ച അറിയിപ്പുകൾ നൽകിയത്.

അബുദാബിയിലുടനീളം നടപ്പിലാക്കുന്ന തീവ്ര COVID-19 ടെസ്റ്റിംഗ് പരിപാടികളുടെ ഭാഗമായാണ് ഈ നടപടികൾ. അൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികളുടെയും, നിവാസികളുടെയും ഇടയിൽ COVID-19 പരിശോധനകൾ വ്യാപകമാക്കുന്നതിലൂടെ ഈ മേഖലയുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണ് DOH-ഉം മറ്റ് അനുബന്ധ വകുപ്പുകളും സംയുക്തമായി നടപ്പിലാക്കുന്ന ഈ പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്.

വിസ ചട്ട ലംഘനങ്ങൾ ഉള്ളവർക്കും ഈ ആരോഗ്യ പരിശോധനയിൽ പങ്കെടുക്കാമെന്നും, ഇവർക്കെതിരെ യാതൊരു തരത്തിലുള്ള നിയമ നടപടികളും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുൻതൂക്കം നൽകുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ആരോഗ്യ സുരക്ഷാ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കാലാവധിയിൽ, അണുവിമുക്തമാക്കുന്ന മേഖലകളിൽ ചില നിയന്ത്രണങ്ങൾ ഉണ്ടാകുമെങ്കിലും, വാണിജ്യ പ്രവർത്തനങ്ങൾ തടസപ്പെടില്ല എന്ന് DOH അറിയിച്ചിട്ടുണ്ട്.