പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കാൽനട യാത്രികർക്ക് മുൻഗണന നൽകാനും, ഇത്തരം ഇടങ്ങളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും അബുദാബി പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് പൊതുസമൂഹത്തോട് ആവശ്യപെട്ടു. എമിറേറ്റിൽ റോഡ് മുറിച്ച് കടക്കുന്നതിനുള്ള പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കാൽനടക്കാർക്ക് മുൻഗണന നൽകുന്നതിലെ വീഴ്ചകൾക്ക്, 2020 ജനുവരി മുതൽ ജൂൺ വരെ, 15,588 കേസുകൾ രേഖപ്പെടുത്തിയതായി അബുദാബി പോലീസ് അറിയിച്ചു.
പദയാത്രികർക്ക് മുൻഗണനയുള്ള ഇടങ്ങളിലെ ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്ക് 500 ദിർഹം പിഴയും, ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.
കാൽനട യാത്രികരുടെ സുരക്ഷ പ്രധാനമാണെന്ന് ഓർമ്മപ്പെടുത്തിയ അബുദാബി പോലീസ്, പദയാത്രികരുടെ സുരക്ഷയ്ക്കായി ജാഗ്രത പുലർത്താൻ വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു. കാല്‍നടക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിനായുള്ള ഇടങ്ങളിലും, ഉൾറോഡുകളിലും, വ്യവസായ മേഖലകളിലും, പാര്‍പ്പിടങ്ങളുള്ള ഇടങ്ങളിലും വാഹനങ്ങൾ കുറഞ്ഞ വേഗതയിൽ ഓടിക്കാനും, പദയാത്രികർക്ക് മുൻഗണന നൽകാനും ഡ്രൈവർമാരോട് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.