കൊറോണാ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിൽ ഏർപ്പെടുത്തിയ 21 ദിവസത്തെ കർഫ്യു നിലവിൽ വന്നു. മാർച്ച് 23 തിങ്കൾ മുതൽ വൈകീട്ട് 7 മണി മുതൽ രാവിലെ 6 വരെയാണ് കർഫ്യു നടപ്പിലാക്കുന്നത്. കർഫ്യു കർശനമായി നടപ്പിലാക്കാനുള്ള എല്ലാ നടപടികളും രാജ്യത്ത് പ്രവർത്തികമാക്കിയിട്ടുണ്ട്. കർഫ്യു നടപ്പിലാക്കുന്ന സമയങ്ങളിൽ അടിയന്തിര ഘട്ടങ്ങളിലൊഴികെ ജനങ്ങളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുത് എന്ന് അറിയിച്ചിട്ടുണ്ട്. ഇവ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കർശനമായ നിയമനടപടികളും ശിക്ഷകളുമാണ്.
കർഫ്യു നിയമം തെറ്റിക്കുന്നവർക്ക് 10,000 സൗദി റിയാൽ പിഴചുമത്തും. ഒന്നിലധികം തവണ നിയമം ലംഘിക്കുന്നവർക്ക് 20,൦൦൦ സൗദി റിയൽ പിഴയും 20 ദിവസത്തെ തടവ് ശിക്ഷയും ഏർപ്പെടുത്താനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. പൊതുസമൂഹത്തിന്റെ സുരക്ഷയെ മുൻനിർത്തിയുള്ള രോഗം പ്രതിരോധിക്കുന്നതിനുള്ള നടപടികൾക്ക് തടസ്സം നില്ക്കുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.