ഇരുപത്തേഴാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഫെബ്രുവരി 22 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ഇൻഫോർമേഷൻ വകുപ്പ് മന്ത്രി H.E. ഡോ. അബ്ദുല്ല ബിൻ നാസിർ അൽ ഹരസി അറിയിച്ചു. 2022 നവംബർ 22-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2023 ഫെബ്രുവരി 22 മുതൽ മാർച്ച് 4 വരെയാണ് ഇരുപത്തേഴാമത് മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നതെന്ന് ഒമാൻ ഇൻഫോർമേഷൻ വകുപ്പ് മന്ത്രിയും, മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ചെയർമാനുമായ H.E. ഡോ. അബ്ദുല്ല ബിൻ നാസ്സർ അൽ ഹരസി അറിയിച്ചു. ഇരുപത്തേഴാമത് മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി നിരവധി സാംസ്‌കാരിക പരിപാടികളും, കുടുംബങ്ങൾക്കും, കുട്ടികൾക്കും ആസ്വദിക്കാനാകുന്ന പരിപാടികളും, സംവാദങ്ങളും സംഘടിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമാനിൽ നിന്നും, വിദേശരാജ്യങ്ങളിൽ നിന്നുമുള്ള എഴുത്തുകാർക്കും, പുസ്തകപ്രസാധകർക്കും, വിതരണക്കാർക്കും ഒത്ത് ചേരുന്നതിനുള്ള ഒരു പ്രധാന സാംസ്‌കാരിക മേളയാണ് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അറബ് ലോകത്തെ പ്രധാനപ്പെട്ട പുസ്തകമേളകളിലൊന്നായ മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള 1992-ലാണ് ആദ്യമായി സംഘടിപ്പിക്കപ്പെട്ടത്. അന്താരാഷ്ട്ര പ്രസാധകരും, എഴുത്തുകാരും പങ്കെടുക്കുന്ന ഈ പുസ്തകമേള ഒമാനിലെ പ്രധാന സാംസ്കാരിക മേളകളിലൊന്നാണ്.
മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ ഇരുപത്താറാമത് പതിപ്പ് 2022 ഫെബ്രുവരി 24-ന് സാംസ്‌കാരിക വകുപ്പ് മന്ത്രി H.H. സായിദ് തെയാസീൻ ബിൻ ഹൈതം അൽ സൈദ് ഉദ്ഘാടനം ചെയ്തിരുന്നു. മസ്കറ്റ് പുസ്തകമേളയുടെ 2022-ലെ പതിപ്പിൽ 27 രാജ്യങ്ങളിൽ നിന്നായി 715 പുസ്തക പ്രസാധകർ പങ്കെടുത്തിരുന്നു.
Cover Image: Oman News Agency.