ഖത്തർ: വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 മാർച്ച് 14-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, 2024 മാർച്ച് 15, 16 തീയതികളിൽ ഖത്തറിൽ ഇടിയോട് കൂടിയ മഴ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ട്.

മാർച്ച് 15, വെള്ളിയാഴ്ച ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും, എട്ട് മുതൽ പതിനെട്ട് നോട്ട് വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാർച്ച് 16, ശനിയാഴ്ചയോടെ രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴ ലഭിക്കുന്നതാണ്.

ഇതോടൊപ്പം അഞ്ച് മുതൽ പതിനഞ്ച് നോട്ട് വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാമെന്നും, കടലിൽ ഒന്ന് മുതൽ മൂന്ന് അടിവരെ ഉയരത്തിൽ തിരമാലകൾ ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.