സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ഏപ്രിൽ 10-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
എമിറേറ്റിലെ റോഡുകളിലെ കാൽനടയാത്രികരുടെയും, വാഹനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ പദ്ധതിയുടെ വിപുലീകരണം ലക്ഷ്യമിട്ടുള്ള രണ്ടാം ഘട്ടത്തിൽ എമിറേറ്റിലെ 10 ഇടങ്ങളിലാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.
ഇതോടെ 2024-ഓടെ ദുബായിലെ സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ പദ്ധതി നടപ്പിലാക്കുന്ന ഇടങ്ങളുടെ എണ്ണം 28 ആയി മാറുന്നതാണ്. ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ ഇടങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഈ പദ്ധതി വിപുലീക്കുന്നതിന് RTA തീരുമാനിച്ചത്.
ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് ഉൾപ്പടെയുള്ള അതിനൂതനമായ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ട്രാഫിക് നിയന്ത്രണം കൂടുതൽ സുഗമമാക്കുന്നതിനും, ഇതിലൂടെ റോഡുകളിലെ കാൽനടയാത്രികരുടെയും, വാഹനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പദ്ധതി. റോഡുകൾക്കരികിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക സെൻസറുകളുമായി ബന്ധപ്പെടുത്തിക്കൊണ്ട് ട്രാഫിക് സിഗ്നലുകളിലെ ലൈറ്റുകളുടെ പ്രവർത്തനം ക്രമീകരിക്കുന്ന രീതിയിലാണ് സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ പദ്ധതി പ്രവർത്തിക്കുന്നത്.
ഈ സെൻസറുകൾ റോഡരികുകളിലും (റോഡ് ക്രോസ് ചെയ്യുന്നതിന് മുൻപായി), പെഡസ്ട്രിയൻ ക്രോസിങ്ങുകളിലും (റോഡ് ക്രോസ് ചെയ്യുന്ന അവസരത്തിൽ) കാൽനടയാത്രികരുടെ സാന്നിദ്ധ്യം കണ്ടെത്തുകയും, അതിനനുസരിച്ച് ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്യുന്നു. പ്രായമായവർ, ഭിന്നശേഷിക്കാർ തുടങ്ങി റോഡ് മുറിച്ച് കടക്കുന്നതിന് കൂടുതൽ സമയം ആവശ്യമാകുന്നവരുടെ സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഈ സംവിധാനം സഹായകമാണ്.
കാൽനടയാത്രികർ ഇല്ലാത്ത അവസരങ്ങളിൽ കൂടുതൽ വാഹനങ്ങൾക്ക് കടന്ന് പോകുന്നതിന് അവസരം നൽകുന്ന രീതിയിൽ ട്രാഫിക് സിഗ്‌നലുകൾ മെച്ചപ്പെടുത്തുന്നതിനും ഈ പദ്ധതി സഹായകമാണ്.
Cover Image: Dubai Media Office.