സൗദി: പ്രൈമറി സ്‌കൂളുകൾ ജനുവരി 23-ന് തുറക്കുന്നു; ഏതാണ്ട് മൂന്നര ദശലക്ഷം വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ തിരികെയെത്തും

GCC News

സൗദി അറേബ്യയിലെ പ്രൈമറി വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും ഇന്ന് (2022 ജനുവരി 23, ഞായറാഴ്ച്ച) മുതൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്നുള്ള നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ പതിമൂവായിരത്തിലധികം പ്രൈമറി വിദ്യാലയങ്ങളിലും, നാലായിരത്തിഎണ്ണൂറോളം കിന്റർഗാർട്ടണുകളിലുമായി ഏതാണ്ട് മൂന്നര ദശലക്ഷം വിദ്യാർത്ഥികൾ അധ്യയനത്തിനായി വിദ്യാലയങ്ങളിൽ നേരിട്ട് എത്തുന്നതാണ്.

COVID-19 പശ്ചാത്തലത്തിൽ ഏതാണ്ട് രണ്ട് വർഷത്തോളമായി സൗദി അറേബ്യയിലെ പ്രൈമറി വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും നേരിട്ടുള്ള അധ്യയനം നിർത്തലാക്കിയിരിക്കുകയായിരുന്നു. 2022 ജനുവരി 23 മുതൽ രാജ്യത്തെ പ്രൈമറി വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം ജനുവരി 9-ന് അറിയിച്ചിരുന്നു.

വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് വിദ്യാർത്ഥികൾക്കിടയിൽ സാമൂഹിക, മാനസിക തയ്യാറെടുപ്പുകൾ നൽകുന്നതിനുള്ള നടപടികൾ, ആരോഗ്യ സുരക്ഷാ നടപടികൾ പാലിക്കുന്നതിനുള്ള പ്രചാരണ നടപടികൾ, ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധനകൾ, സാമൂഹിക അകലം ഉറപ്പ് വരുത്താനാകാത്ത അധ്യയന പ്രവർത്തനങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവ ഒഴിവാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ നടപ്പിലാക്കിയിട്ടുണ്ട്.

Source: Saudi Press Agency.

സ്‌കൂളുകളിൽ മടങ്ങിയെത്തുന്നതിന് വിദ്യാർത്ഥികൾക്കിടയിൽ ആത്മവിശ്വാസം നൽകുന്നതിനായി ആദ്യ ആഴ്ച്ചകളിൽ മാനസിക ആരോഗ്യത്തിന് ഊന്നൽ നൽകുന്ന പ്രത്യേക പരിപാടികൾ, കലാപ്രവർത്തനങ്ങൾ, കുട്ടികളുടെ തീയറ്റർ പ്രവർത്തനങ്ങൾ, സാംസ്‌കാരിക, വിനോദ പരിപാടികൾ തുടങ്ങിയവയും സ്‌കൂളുകളിൽ നടപ്പിലാക്കുന്നതാണ്.

Source: Saudi Press Agency.

പ്രൈമറി വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും നേരിട്ടെത്തുന്നതിൽ ആരോഗ്യ കാരണങ്ങളാൽ ഇളവ് അനുവദിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ സംവിധാനങ്ങളിലൂടെയുള്ള പഠനം തുടരുന്നതാണ്.

പ്രൈമറി വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്ന സാഹചര്യത്തിൽ നടപ്പിലാക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ, വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിച്ചിട്ടുള്ള വിദ്യാർത്ഥി വിഭാഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ അറിയിപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്.

Images: Saudi Press Agency.