ഉത്തരകേരളത്തിലെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകൾ റെഡ് സോണിൽ തുടരും. മറ്റു പത്ത് ജില്ലകൾ ഓറഞ്ച് സോണിലാകും. റെഡ്സോണായി കണക്കാക്കുന്ന നാലു ജില്ലകളിലും നിയന്ത്രണങ്ങൾ കർക്കശമായി തുടരും.
കണ്ണൂർ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 2592 പേരാണ്. കാസർകോട്ട് 3126 ഉം, കോഴിക്കോട്ട് 2770 ഉം മലപ്പുറത്ത് 2465 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
കേസുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീൻ സോണിൽ പെടുത്തി നേരത്തെ ചില ഇളവുകൾ നൽകിയിരുന്നു. എന്നാൽ, കോട്ടയം, ഇടുക്കി ജില്ലകളിൽ പുതിയ കേസുകൾ വ്യാഴാഴ്ച വന്നതിനാൽ ഈ ജില്ലകളെ ഗ്രീൻ സോണിൽനിന്ന് മാറ്റി ഓറഞ്ചിൽ ഉൾപ്പെടുത്തി.
ഹോട്ട്സ്പോട്ടുകളായ പഞ്ചായത്തുകൾ ആകെ അടച്ചിടും. മുനിസിപ്പൽ അതിർത്തിയിൽ ബന്ധപ്പെട്ട വാർഡുകളും കോർപ്പറേഷനുകളിൽ ബന്ധപ്പെട്ട ഡിവിഷനുകളും മാത്രം അടച്ചിടുകയും ചെയ്യും. ഏതൊക്കെ പ്രദേശങ്ങളാണ് ഹോട്ട്സ്പോട്ട് പരിധിയിൽ വരിക എന്നത് അതത് ജില്ലാ ഭരണസംവിധാനം തീരുമാനിക്കും.
കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളേജിലേയും കോട്ടയം മെഡിക്കൽ കോളേജിലേയും കോവിഡ് 19 ലാബിന് ഐസിഎംആർ അംഗീകാരം ലഭിച്ചു. കണ്ണൂർ മെഡിക്കൽ കോളേജിലെ കോവിഡ് ലാബിൽ വെള്ളിയാഴ്ച മുതൽ കോവിഡ് പരിശോധന ആരംഭിക്കാനാകും. ഈ ലാബിൽ നാല് റിയൽ ടൈം പിസിആർ മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ 15 ഉം പിന്നീട് 60 വരെയും പരിശോധന ദിനംപ്രതി നടത്താനാകും.
ഇതോടെ കേരളത്തിൽ 14 സർക്കാർ ലാബുകളിലാണ് കോവിഡ് 19 പരിശോധന നടത്തുന്നത്. രണ്ട് സ്വകാര്യ ലാബുകളിലും പരിശോധന നടന്നുവരുന്നു. സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പരിശോധന വേഗത്തിലാക്കാൻ 10 റിയൽ ടൈം പിസിആർ മെഷീനുകൾ വാങ്ങാനാണ് സർക്കാർ അനുമതി നൽകിയത്.