2020-2021 അധ്യയന വർഷത്തിൽ, വിദ്യാലയങ്ങളിൽ സമൂഹ അകലം ഉറപ്പാക്കുന്നതിനായി, ഓരോ ക്ലാസ്സ്മുറികളിലും പരമാവധി 16 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതുൾപ്പടെയുള്ള സുരക്ഷാ മുൻകരുതലുകളോട് കൂടിയ പഠനരീതികൾ നടപ്പിലാക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഒമാൻ ടിവിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ, വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി H.E. ഡോ. അബ്ദുല്ല ബിൻ ഖമീസ് അംബോസെയ്ദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ വിദ്യാലയങ്ങളിലും മിശ്ര രീതിയിലുള്ള അധ്യയനം നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിശ്ര രീതിയിലുള്ള അധ്യയനം ഉൾപ്പെടുത്തുന്നതിനായി, പഠന സമ്പ്രദായത്തിൽ ആവശ്യമായ മാറ്റങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ അധ്യയന വർഷത്തിൽ ഏതാനം ക്ലാസുകൾ വിദൂര വിദ്യാഭ്യാസ രീതിയിലും, ഏതാനം ക്ലാസുകൾ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടും നൽകുന്ന മിശ്ര രീതിയിലുള്ള അധ്യയനം ഉൾപ്പെടുത്തുന്നതാണെന്ന് സുപ്രീം കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. ഇത് നടപ്പിലാക്കാൻ ആവശ്യമായ ഇന്റർനെറ്റ് സേവനമുൾപ്പടെയുള്ള സംവിധാനങ്ങൾ നടപ്പിലാക്കിവരികയാണെന്നും ഖമീസ് അംബോസെയ്ദി അറിയിച്ചു.
ഈ പഠനരീതിയ്ക്കാവശ്യമായ കമ്പ്യൂട്ടർ സംവിധാനങ്ങൾ ഒരുക്കുന്നതിന് ബുദ്ധിമുട്ടുള്ള കുടുംബങ്ങൾക്കായി മന്ത്രാലയം പ്രത്യേക പദ്ധതി രൂപീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ ക്ളാസ്സ്മുറികളിലും പരമാവധി 16 വിദ്യാർത്ഥികളിൽ കൂടുതൽ പേർ വരുന്നത് ഒഴിവാക്കുന്നതിനായുള്ള നടപടികളും മന്ത്രാലയം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രാഥമിക വിഷയങ്ങൾ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടും, മറ്റു വിഷയങ്ങൾ വിദൂര വിദ്യാഭ്യാസ രീതിയിലും നൽകുന്നതാണ്. സമൂഹ അകലം ഉൾപ്പടെയുള്ള സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനു ആരോഗ്യ മന്ത്രാലയവുമായി സംയുക്തമായി പ്രത്യേക മാനദണ്ഡങ്ങൾ തയ്യാറാക്കിയതായും അദ്ദേഹം അറിയിച്ചു. COVID-19 രോഗബാധ കണ്ടെത്തുന്ന വിദ്യാലയങ്ങൾ അടച്ചിടുന്നതുൾപ്പടെയുള്ള നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഒമാനിലെ 2020-2021 അധ്യയന വർഷം നവംബർ 1, ഞായറാഴ്ച്ച മുതൽ ആരംഭിക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി ഓഗസ്റ്റ് 13-നു അറിയിച്ചിരുന്നു. സ്കൂൾ അധികൃതർ, ജീവനക്കാർ, അധ്യാപകർ എന്നിവർ സെപ്റ്റംബർ 27, ഞായറാഴ്ച്ച മുതൽ ജോലിയിൽ തിരികെ പ്രവേശിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിക്കുകയുണ്ടായി.