വാഹനങ്ങൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി പോലീസ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

UAE

എമിറേറ്റിലെ ട്രാഫിക്ക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് പുറത്തിറക്കി. അബുദാബിയിലുടനീളം റോഡ് സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിനും, ട്രാഫിക്ക് നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ അറിയിപ്പ്.

എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ പിടിച്ചെടുക്കപ്പെടാവുന്ന നിയമലംഘനങ്ങളുടെ വിവരങ്ങളും, വാഹനങ്ങൾ വിട്ടുകിട്ടുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട പിഴതുകകളും ഈ അറിയിപ്പിലൂടെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന രീതിയിലുള്ള അപകടങ്ങൾ, പൊതുനിരത്തുകളിൽ അനധികൃതമായി നടത്തുന്ന വാഹനങ്ങളുടെ മത്സരയോട്ടങ്ങൾ മുതലായ നിരവധി നിയമലംഘനങ്ങൾക്ക് വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനു പൊലീസിന് അധികാരമുണ്ട്.

അബുദാബിയിൽ വാഹനങ്ങൾ പിടിച്ചെടുക്കപ്പെടാവുന്ന നിയമലംഘനങ്ങൾ:

  • പോലീസ് വാഹനങ്ങളുമായി കൂട്ടിയിടിക്കപെടുന്ന വാഹനങ്ങൾ – 50000 ദിർഹം പിഴ + പോലീസ് വാഹനത്തിന്റെ കേടുപാടുകൾ തീർക്കുന്നതിനുള്ള ചെലവ്.
  • അമിതവേഗതയാൽ റോഡപകടങ്ങൾക്കിടയാക്കുന്ന വാഹനങ്ങൾ, സുരക്ഷിതമായ അകലം പാലിക്കാതെ അപകടമുണ്ടാക്കുന്ന വാഹനങ്ങൾ, കാൽനടക്കാർക്ക് മുൻഗണന കൊടുക്കാതെ അപകടത്തിനിടയാക്കുന്ന വാഹനങ്ങൾ – 5000 ദിർഹം പിഴ.
  • പൊതുനിരത്തുകളിൽ അനധികൃതമായി മത്സരയോട്ടങ്ങൾ നടത്തുന്ന വാഹനങ്ങൾ – 50000 ദിർഹം പിഴ.
  • 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ മുൻസീറ്റിൽ യാത്രചെയ്യിക്കാൻ അനുവദിക്കുന്ന വാഹനങ്ങൾ – 5000 ദിർഹം പിഴ.
  • സാധുതയുള്ള നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ – 50000 ദിർഹം പിഴ.
  • 7000 ദിർഹത്തിലധികം പിഴത്തുക ഒടുക്കാൻ ബാക്കിയുള്ള വാഹനങ്ങൾ – വാഹനങ്ങൾ വിട്ടുകിട്ടാൻ മുഴുവൻ പിഴത്തുകയും ഒടുക്കേണ്ടതാണ്.
  • മറ്റുള്ളവരുടെയോ, സ്വന്തം ജീവനോ അപകടത്തിനിടയാക്കുന്ന രീതിയിൽ ഡ്രൈവ് ചെയ്യപ്പെടുന്ന വാഹനങ്ങൾ – 50000 ദിർഹം പിഴ.
  • ട്രാഫിക്ക് സിഗ്നലിൽ റെഡ് ലൈറ്റ് മറികടക്കുന്ന വാഹനങ്ങൾ – 50000 ദിർഹം പിഴ + ലൈസൻസ് 6 മാസത്തേക്ക് കണ്ടുകെട്ടുന്നതാണ്.
  • അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ – 10000 ദിർഹം പിഴ.
  • നിശ്ചയിക്കപ്പെട്ട വേഗ പരിധിയേക്കാൾ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ – 5000 ദിർഹം പിഴ.

പിടിച്ചെടുക്കപ്പെട്ട് മൂന്ന് മാസത്തിനകം തിരികെയെടുക്കുന്നതിനായി ഉടമകൾ ഹാജരാകാത്ത വാഹനങ്ങൾ ലേലം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.