കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള വ്യോമയാന സേവനങ്ങൾ 2021 ജനുവരി 2 മുതൽ പുനരാരംഭിക്കുമെന്ന് DGCA

GCC News

കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള വ്യോമയാന സേവനങ്ങൾ 2021 ജനുവരി 2, ശനിയാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി. ഡിസംബർ 29, ചൊവ്വാഴ്ച്ചയാണ് DGCA ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്.

2021 ജനുവരി 1 വരെ രാജ്യത്തിന്റെ അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം നീട്ടേണ്ടതില്ലെന്ന് കുവൈറ്റ് ക്യാബിനറ്റ് ഡിസംബർ 28-ന് തീരുമാനിച്ചിരുന്നു. 2021 ജനുവരി 1, വെള്ളിയാഴ്ച്ച മുതൽ കുവൈറ്റിലേക്കും, തിരികെയുമുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുമെന്നാണ് ക്യാബിനറ്റ് തീരുമാനപ്രകാരം മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആദ്യം അറിയിച്ചിരുന്നത്.

എന്നാൽ, കുവൈറ്റ് DGCA പുറത്തിറക്കിയ ഡിസംബർ 29-ലെ ഔദ്യോഗിക അറിയിപ്പ് പ്രകാരം കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള വ്യോമയാന സേവനങ്ങൾ 2021 ജനുവരി 2, ശനിയാഴ്ച്ച പ്രാദേശിക സമയം 4:00 pm മുതൽ പുനരാരംഭിക്കുന്നതാണ്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ തീരുമാനങ്ങളിൽ മാറ്റങ്ങൾ വരാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ കര, കടൽ അതിർത്തികൾ ജനുവരി 2 മുതൽ തുറക്കാനും കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. ദിനവും രാവിലെ 9 മുതൽ വൈകീട്ട് 3 വരെയാണ് കര, കടൽ അതിർത്തികളിലൂടെ പ്രവേശനം അനുവദിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. യു കെയിൽ COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് ഡിസംബർ 21 മുതൽ 2021 ജനുവരി 1 വരെ രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കാൻ കുവൈറ്റ് തീരുമാനിച്ചത്.