COVID-19 വാക്സിൻ സ്വീകരിച്ചവർക്കായി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ‘Tawakkalna’ സ്മാർട്ട് ആപ്പിൽ കഴിഞ്ഞ ദിവസം മുതൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക ഡിജിറ്റൽ ഹെൽത്ത് പാസ്സ്‌പോർട്ട് സംവിധാനം നിലവിൽ രാജ്യത്ത് നിന്ന് യാത്ര ചെയ്യുന്നതിന് നിർബന്ധമാക്കിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയും (SDAIA), ആരോഗ്യ മന്ത്രാലയവും ചേർന്ന് ആരംഭിച്ചിട്ടുള്ള ഈ സംവിധാനത്തിൽ ഓരോ വ്യക്തികളുടെയും കൊറോണ വൈറസ് വാക്സിനേഷൻ പങ്കാളിത്തവുമായി ബന്ധപ്പെട്ട വിവരങ്ങൾ സൂക്ഷിക്കാവുന്നതാണ്.
‘Tawakkalna’ സ്മാർട്ട് ആപ്പ് ജനുവരി 8, വെള്ളിയാഴ്ച്ച പുറത്തിറക്കിയ പ്രത്യേക അറിയിപ്പിലൂടെയാണ്, ഈ സംവിധാനം നിലവിൽ വ്യക്തികളുടെ യാത്രകൾക്ക് അനുമതി നൽകുന്നതിനായി ഉപയോഗിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. നിലവിൽ യാത്രകൾക്ക് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടില്ലെങ്കിലും, ഭാവിയിൽ പലരാജ്യങ്ങളും ഇത്തരം ഒരു നിബന്ധന മുന്നോട്ട് വെക്കാൻ സാധ്യതയുള്ളതായും അറിയിപ്പിൽ പറയുന്നു.
ഡിജിറ്റൽ ഹെൽത്ത് പാസ്സ്‌പോർട്ട് സംവിധാനത്തിലൂടെ സൗദി പൗരന്മാരും, നിവാസികളും COVID-19 വാക്സിനിന്റെ എല്ലാ ഡോസുകളും കൃത്യമായി സ്വീകരിച്ചു എന്നതും, വൈറസിനെതിരെ പ്രതിരോധശേഷി നേടി എന്നതും സ്ഥിരീകരിക്കാൻ സാധിക്കുന്നതാണ്. COVID-19 വൈറസിനെതിരെ വാക്സിൻ സ്വീകരിച്ച വ്യക്തിയാണെന്ന് തെളിയിക്കുന്നതിന് ഈ ഡിജിറ്റൽ ഹെൽത്ത് പാസ്സ്‌പോർട്ട് സംവിധാനം ഉപയോഗിക്കാവുന്നതാണ്.
ജനുവരി 7, വ്യാഴാഴ്ച്ചയാണ് ‘Tawakkalna’ സ്മാർട്ട് ആപ്പിൽ ഈ ഡിജിറ്റൽ ഹെൽത്ത് പാസ്സ്‌പോർട്ട് സംവിധാനം പ്രയോഗക്ഷമമാക്കിയത്.
Photo: @sdaia.gov.sa