രാജ്യത്ത് പ്രവർത്തിക്കുന്ന അംഗീകൃത ബാങ്കുകളും, പണമിടപാട് സ്ഥാപനങ്ങളും തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ ഓൺലൈനിലൂടെയും മറ്റും വെളിപ്പെടുത്താൻ ആവശ്യപ്പെടില്ലെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി. ഏതെങ്കിലും സ്ഥാപനങ്ങളോ, സ്രോതസുകളോ ഇത്തരം വിവരങ്ങൾ ആവശ്യപ്പെട്ട് കൊണ്ട് സമീപിക്കുന്നതിനെ ഗൗരവത്തോടെ കാണാൻ ഉപഭോക്താക്കളോട് CBO നിർദ്ദേശിച്ചു.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും, ബാങ്കിങ്ങ് വിവരങ്ങളും ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താനും ഉപഭോക്താക്കളോട് CBO ആവശ്യപ്പെട്ടു. രാജ്യത്തെ അംഗീകൃത പണമിടപാട് സ്ഥാപനങ്ങളൊന്നും തന്നെ പാസ്സ് വേർഡ്, കാർഡ് നമ്പറുകൾ, അക്കൗണ്ട് നമ്പറുകൾ മുതലായ വിവരങ്ങൾ ആവശ്യപ്പെട്ട് കൊണ്ട് ഫോൺ കോളുകളിലൂടെയോ, SMS, ഇമെയിൽ, സമൂഹ മാധ്യമങ്ങൾ എന്നിവയിലൂടെയോ ഉപഭോക്താക്കളെ സമീപിക്കില്ലെന്നും CBO ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.
ഇത്തരത്തിലുള്ള സന്ദേശങ്ങൾക്ക് മറുപടിയായി സ്വകാര്യ, ബാങ്കിങ്ങ് വിവരങ്ങൾ പങ്ക് വെക്കരുതെന്നും CBO ഓർമ്മപ്പെടുത്തി. വിവരങ്ങൾ കൈമാറാനായി ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെയും, ഫോണിലൂടെയും, ഈമെയിലിലൂടെയും മറ്റും വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും CBO വ്യക്തമാക്കി.
ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്നവർ, ആ വിവരം, ഉടൻതന്നെ റോയൽ ഒമാൻ പോലീസിനെയോ, തങ്ങളുടെ ബാങ്ക് അധികൃതരെയോ ഉടൻ അറിയിക്കണമെന്നും CBO നിർദ്ദേശിച്ചു.