പ്രവാസികൾക്കായി റെസിഡൻസി ഐഡികളുടെ ഡിജിറ്റൽ പതിപ്പ് അടുത്തിടെ സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) പുറത്തിറക്കിയിരുന്നു. ഈ ഡിജിറ്റൽ മുഖീം ഐഡി പ്രവാസികൾക്ക് തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. സ്മാർട്ട് ഫോണുകളിൽ ഡിജിറ്റൽ ഇഖാമ എങ്ങിനെ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ദൃശ്യം ജവാസത് ട്വിറ്ററിലൂടെ മാർച്ച് 13-ന് പങ്ക് വെച്ചിട്ടുണ്ട്.
പ്രിന്റ് ചെയ്തിട്ടുള്ള ഐഡി കാർഡ് രൂപത്തിലുള്ള ഇഖാമ കൈവശം കരുതാത്തതിനുള്ള പിഴ ഒഴിവാക്കാൻ ഈ ഡിജിറ്റൽ ഇഖാമ ഏറെ പ്രയോജനപ്രദമാണ്. പോലീസ്, മറ്റ് സുരക്ഷാ വിഭാഗങ്ങൾ എന്നിവർ തിരിച്ചറിയൽ രേഖ ആവശ്യപ്പെടുന്ന അവസരത്തിൽ യഥാർഥ ഇഖാമയ്ക്ക് പകരം മൊബൈൽ ഫോണിലുള്ള ഡിജിറ്റൽ ഇഖാമ പരിശോധനയ്ക്കായി നൽകാവുന്നതാണെന്ന് ജവാസത് വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാസി തൊഴിലാളികളുടെ റെസിഡൻസി ഐഡിയുൾപ്പടെയുള്ള വിവരങ്ങൾ ഈ ഡിജിറ്റൽ സംവിധാനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. ഐഡി കാർഡ് രൂപത്തിലുള്ള ഇഖാമ കൊണ്ട് നടക്കുന്നതിനുള്ള അസൗകര്യം ഒഴിവാക്കാനും, അധികൃതർക്ക് ഐഡി പരിശോധിക്കുന്നത് എളുപ്പത്തിലാക്കുന്നതിനും ഡിജിറ്റൽ ഇഖാമയിലൂടെ സാധിക്കുന്നതാണ്.
അബ്ഷിർ ഇൻഡിവിഡ്വൽ ആപ് ഉപയോഗിച്ച് കൊണ്ടാണ് ഈ സേവനം നൽകുന്നത്. ഈ ആപ്പിലൂടെ QR കോഡ് സ്കാൻ ചെയ്ത് കൊണ്ട് ഐഡി സംബന്ധമായ ഡിജിറ്റൽ വിവരങ്ങൾ ലഭിക്കുന്നതാണ്. ഈ സംവിധാനത്തിലൂടെ തങ്ങളുടെ ഡിജിറ്റൽ ഇഖാമ ഫോണിലേക്ക് ഡൗൺലോഡ് ചെയ്യുന്നതിനും, ഒരിക്കൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചിട്ടുള്ള ഡിജിറ്റൽ ഐഡി പിന്നീട് ഇന്റർനെറ്റ് ഇല്ലെങ്കിൽ പോലും പരിശോധനകൾക്കായി ഫോൺ ഉപയോഗിച്ച് നൽകുന്നതിനും സാധിക്കുന്നതാണ്.
പ്രവാസികൾക്ക് താഴെ പറയുന്ന രീതിയിൽ തങ്ങളുടെ ഡിജിറ്റൽ ഇഖാമ ഫോണിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്:
- ഫോണിൽ അബ്ഷിർ ഇൻഡിവിഡ്വൽ ആപ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
- ഈ ആപ്പിൽ ‘My Services’ ക്ലിക്ക് ചെയ്യുക.
- തുടർന്ന്, ‘Download Digital Muqeem ID’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- അടുത്ത പേജിൽ, ഏറ്റവും താഴെയായി വരുന്ന ‘Download Muqeem ID’ ബട്ടൺ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ ഫോണിലേക്ക് ഡിജിറ്റൽ ഐഡി വിവരങ്ങൾ ഡൗൺലോഡ് ചെയ്തതായി സൂചിപ്പിച്ച് കൊണ്ടുള്ള സന്ദേശം ലഭിക്കുന്നതാണ്.
ഡിജിറ്റൽ ഇഖാമ എപ്പോഴും കൈവശം കരുതണമെന്ന് നിർബന്ധമില്ലെന്ന് ജവാസത് ഔദ്യോഗിക വക്താവ് ക്യാപ്റ്റൻ നാസ്സർ അൽ ഉതൈബി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രവാസികൾ പ്രിന്റ് ചെയ്തിട്ടുള്ള ഐഡി കാർഡ് രൂപത്തിലുള്ള ഇഖാമ, ഡിജിറ്റൽ ഇഖാമ ഇവയിലേതെങ്കിലും ഒന്ന് മാത്രം തങ്ങളുടെ കൈവശം കരുതിയാൽ മതിയെന്നും, പരിശോധനകളിൽ ഇവയിലേതെങ്കിലും ഒന്ന് ഹാജരാക്കിയാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.