റമദാൻ വേളയിൽ എമിറേറ്റിൽ നടപ്പിലാക്കുന്ന COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ സംബന്ധിച്ച് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അറിയിപ്പ് പുറത്തിറക്കി. റമദാനുമായി ബന്ധപ്പെട്ട് രാജ്യത്ത് നടപ്പിലാക്കുന്നതിനായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി (NCEMA) പുറത്തിറക്കിയ പ്രതിരോധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള സുരക്ഷാ നിർദ്ദേശങ്ങളാണ് H.H. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള ദുബായ് സുപ്രീം കമ്മിറ്റി ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.
മാർച്ച് 18-നാണ് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നൽകിയത്. ഇത് പ്രകാരം ആൾകൂട്ടങ്ങൾ, ഒത്ത് ചേരലുകൾ എന്നിവ ഒഴിവാക്കാനും, എളുപ്പം രോഗബാധയേൽക്കാൻ ഇടയുള്ള പ്രായമായവർ, ആരോഗ്യ പ്രശ്നങ്ങളുള്ളവർ മുതലായ വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കമ്മിറ്റി പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.
റമദാൻ വേളയിൽ എമിറേറ്റിൽ നടപ്പിലാക്കുന്നതിനായി താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങളാണ് ദുബായ് സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുള്ളത്.
- ദുബായിൽ ഇഫ്താർ ടെന്റുകൾക്ക് അനുമതി ഉണ്ടായിരിക്കില്ല.
- പൊതു ഇടങ്ങളിലും മറ്റുമുള്ള ഇഫ്താർ സംഗമങ്ങൾ, ഭക്ഷണ വിതരണം എന്നിവ അനുവദിക്കില്ല.
- ആളുകൾ ഒത്ത്ചേരാൻ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കേണ്ടതാണ്.
- പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ മുതലായ വിഭാഗങ്ങൾക്ക് COVID-19 രോഗബാധയേൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
- തറാവീഹ് നമസ്കാരത്തിനായി എമിറേറ്റിലെ പള്ളികളിലേക്ക് വ്യക്തികൾക്ക് പ്രവേശനം അനുവദിക്കുന്നതാണ്. കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് പള്ളികളിൽ ഈ പ്രാർത്ഥനകൾ അനുവദിക്കുന്നത്. പരമാവധി 30 മിനിറ്റ് സമയമാണ് പ്രാർത്ഥനകൾക്കായി അനുവദിക്കുന്നത്.
- റമദാനിലെ അവസാന പത്ത് ദിവസങ്ങളിലെ പ്രത്യേക പ്രാർത്ഥനകൾ സംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കമ്മിറ്റി പിന്നീട് ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്.
റമദാനുമായി ബന്ധപ്പെട്ട് യു എ ഇയിൽ നടപ്പിലാക്കുന്ന COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA മാർച്ച് 16-ന് അറിയിപ്പ് നൽകിയിരുന്നു.