അബുദാബിലേക്കുള്ള ചെക്ക്പോയിന്റുകളിലെത്തുന്നവർക്ക് റേഡിയോയിലൂടെ നിർദ്ദേശങ്ങൾ നൽകുന്ന അടിയന്തിര സേവനം ആരംഭിച്ചു

featured GCC News

എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി സെക്യൂരിറ്റി ചെക്ക്പോയിന്റുകളിലേക്കെത്തുന്ന വാഹനങ്ങളിലെ യാത്രികർക്ക് ഉപകാരപ്രദമാകുന്ന നിർദ്ദേശങ്ങൾ നൽകുന്നതിനായി ഒരു അടിയന്തിര റേഡിയോ പ്രക്ഷേപണ സേവനം ആരംഭിച്ചതായി അബുദാബി പോലീസ് വ്യക്തമാക്കി. എമിറേറ്റിലേക്ക് പ്രവേശനം അനുവദിക്കുന്ന ചെക്ക്പോയിന്റുകൾക്ക് സമീപത്തേക്ക് വരുന്ന വാഹനങ്ങളിൽ 24 റേഡിയോ സ്‌റ്റേഷനുകളിലൂടെ ഈ അടിയന്തിര പ്രക്ഷേപണം ലഭിക്കുന്നതാണ്.

മാർച്ച് 19-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ചെക്ക്പോയിന്റുകൾക്ക് 200 മീറ്റർ ചുറ്റളവിലെത്തുന്ന വാഹനങ്ങളിലെ റേഡിയോകളിൽ അബുദാബി പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള ഈ പ്രക്ഷേപണം ലഭിക്കുന്നതാണ്.

ചെക്ക്പോയിന്റുകളിലെ നടപടിക്രമങ്ങൾ, നിർദ്ദേശങ്ങൾ, മറ്റു അറിയിപ്പുകൾ മുതലായവയാണ് ഈ റേഡിയോ പ്രക്ഷേപണത്തിലൂടെ വാഹനയാത്രികർക്ക് പോലീസ് നൽകുന്നത്. നിലവിൽ അറബിക്, ഇംഗ്ലീഷ്, ഉറുദു, മലയാളം എന്നീ ഭാഷകളിൽ ഈ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ, വാഹനങ്ങൾ പ്രവേശിക്കേണ്ട ലൈൻ സംബന്ധിച്ച നിർദ്ദേശങ്ങൾ, വേഗത സംബന്ധമായ നിർദ്ദേശങ്ങൾ, വാഹനങ്ങളിൽ അനുവദനീയമായ പരമാവധി യാത്രികരുടെ എണ്ണം സംബന്ധിച്ച അറിയിപ്പുകൾ, ചെക്ക്പോയിന്റിലെ സുരക്ഷാ നിയമങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ തുടങ്ങിയവയാണ് വിവിധ ഭാഷകളിൽ ഈ റേഡിയോ പ്രക്ഷേപണത്തിലൂടെ നൽകുന്നത്. ഇതോടൊപ്പം, യാത്രികരോട് മാസ്കുകൾ ശരിയായ രീതിയിൽ ധരിക്കുന്നത് ഓർമ്മപ്പെടുത്തുന്ന സന്ദേശങ്ങളും, ചെക്ക്‌പോയിന്റിലെ പരിശോധനകൾക്കായി എമിറേറ്സ് ഐഡി, അൽഹൊസൻ ആപ്പിലെ COVID-19 ടെസ്റ്റ് റിസൾട്ട് എന്നിവ നൽകുന്നതിനുള്ള നിർദ്ദേശങ്ങളും ഈ പ്രക്ഷേപണത്തിലൂടെ അധികൃതർ നൽകുന്നുണ്ട്.