രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ COVID-19 PCR പരിശോധനാ നിരക്ക് ഏകീകരിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 7-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ തീരുമാനപ്രകാരം രാജ്യത്തെ മുഴുവൻ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും കൊറോണ വൈറസ് PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള നിരക്ക് 300 റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്. ഏപ്രിൽ 8 മുതൽ ഈ നിരക്ക് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
രാജ്യത്തെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനു (PHCC) കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്കുള്ള PCR പരിശോധനകൾ നടത്തുന്നതിനുള്ള സേവനങ്ങൾ താത്കാലികമായി നിർത്തലാക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് സ്വകാര്യ കേന്ദ്രങ്ങളിലെ പരിശോധനകളുടെ നിരക്കുകൾ ആരോഗ്യ മന്ത്രാലയം ഏകീകരിച്ചത്. ഖത്തറിൽ COVID-19 രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യം കണക്കിലെടുത്താണ് PHCC കേന്ദ്രങ്ങളിലെ ജോലിഭാരം കുറയ്ക്കുന്നതിനായി യാത്രികർക്ക് PCR ടെസ്റ്റ് നൽകുന്ന സേവനങ്ങൾ താത്കാലികമായി നിര്ത്തലാക്കിയത്.
രാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം 2021 ഏപ്രിൽ 4-ന് പുറത്തിറക്കിയിരുന്നു.