COVID-19 രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഭാരതത്തിന് പിന്തുണ അറിയിച്ച് കൊണ്ട് യു എ ഇയിൽ നിന്ന് അയച്ച മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലെത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദാൻ ബാഗ്ച്ചി അറിയിച്ചു. COVID-19 രോഗവ്യാപനം രൂക്ഷമായതോടെ ഗുരുതര പ്രതിസന്ധികൾ നേരിടുന്ന ഭാരതത്തിന് പൂർണ്ണമായ ഐക്യദാർഢ്യവും, പിന്തുണയും യു എ ഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഏപ്രിൽ 29-ന് വൈകീട്ടാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. യു എ ഇയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഈ മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലെത്തിച്ചത്.
പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായമാകുന്നതിനായി 157 വെന്റിലേറ്ററുകൾ, ശ്വാസംതടസം നേരിടുന്നവർക്ക് ആശ്വാസം നൽകുന്നതിനായി ഉപയോഗിക്കുന്ന 480 ബൈലെവൽ പോസിറ്റീവ് എയർവേ പ്രഷർ (BiPAP) മെഷിനുകൾ, COVID-19 ചികിത്സകൾക്കും, പ്രതിരോധത്തിനും ഉപയോഗിക്കുന്ന മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് യു എ ഇ ഇന്ത്യയിലേക്ക് അയച്ചത്. യു എ ഇയുടെ ഭാഗത്ത് നിന്നുള്ള ഈ മഹത്തരമായ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് കൂട്ടിച്ചേർത്തു.
യു എ ഇയുടെ ഭാഗത്ത് നിന്നുള്ള പിന്തുണയ്ക്കും, ഐക്യദാർഢ്യത്തിനും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കർ യു എ ഇ വിദേശകാര്യ വകുപ്പ് മന്ത്രി H.E. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി നന്ദി പങ്ക് വെച്ചു. ഡോ. എസ് ജയ്ശങ്കറുമായി ഏപ്രിൽ 25-ന് നടന്ന ഫോൺ സംഭാഷണത്തിൽ ഷെയ്ഖ് അബ്ദുല്ല യു എ ഇ ഭരണാധികാരികളും, രാജ്യവും ജനതയും ഇന്ത്യയോടൊപ്പമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
Cover Photo: @MEAIndia