ഈദ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ അനധികൃതമായി കരിമരുന്നു വസ്തുക്കൾ വാങ്ങുന്നില്ല എന്നും, കരിമരുന്നു ഉപയോഗിക്കുന്ന ആഘോഷങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നില്ല എന്നും ഉറപ്പ് വരുത്താൻ അബുദാബി പോലീസ് രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. കരിമരുന്ന് ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
മെയ് 12-ന് വൈകീട്ടാണ് അബുദാബി പോലീസ് ഈ അറിയിപ്പ് നൽകിയത്. അപകടങ്ങൾ ഒഴിവാക്കുന്നതിനായി പടക്കം, മറ്റു കരിമരുന്നു വസ്തുക്കൾ എന്നിവ കുട്ടികൾ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പാക്കാൻ രക്ഷിതാക്കളുടെ നിരീക്ഷണം ആവശ്യമാണെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ശ്രദ്ധ പുലർത്താനും, അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള ജാഗ്രത പാലിക്കാനും അബുദാബി പോലീസ് രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി.
സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഏതാനം പേർ അനധികൃതമായി ഓൺലൈൻ പടക്ക വ്യാപാരം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. ഇത്തരം വസ്തുക്കളുടെ വില്പന യു എ ഇയിൽ വിലക്കിയിട്ടുണ്ടെന്ന് പോലീസ് പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി. ഓൺലൈനിലൂടെയും മറ്റും ഇത്തരം വസ്തുക്കൾ വിൽക്കുന്നവർക്കും, വാങ്ങുന്നവർക്കും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടികൾ ഓൺലൈനിലൂടെ ഇത്തരം വസ്തുക്കൾ വാങ്ങുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പ് വരുത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടു.