12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ: ഖത്തറിൽ മെയ് 16 മുതൽ രക്ഷിതാക്കൾക്ക് റജിസ്റ്റർ ചെയ്യാം

GCC News

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ കുത്തിവെപ്പ് നൽകാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് ഇതിനായുള്ള റജിസ്‌ട്രേഷൻ നടപടികൾ മെയ് 16, ഞായറാഴ്ച്ച മുതൽ പൂർത്തിയാക്കാവുന്നതാണ്. ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (https://www.moph.gov.qa/arabic/Pages/default.aspx) ഈ റജിസ്‌ട്രേഷൻ ലഭ്യമാകുന്നതാണ്.

രജിസ്റ്റർ ചെയ്തവർക്ക് വാക്സിൻ ലഭിക്കുന്ന തീയ്യതികൾ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ നേരിട്ട് അറിയിക്കുന്നതാണ്. രാജ്യത്തെ 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ നൽകാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം മെയ് 12-ന് അറിയിച്ചിരുന്നു.

രാജ്യത്തെ 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ കുത്തിവെപ്പ് നൽകുന്നതിലൂടെ സമൂഹത്തിൽ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപായി ഈ പ്രായവിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് സംരക്ഷണം ഉറപ്പ് വരുത്തുന്നതിനും ഖത്തർ ലക്ഷ്യമിടുന്നു. ഈ പ്രായ വിഭാഗത്തിൽ ഫൈസർ വാക്സിൻ ഏറെ സുരക്ഷിതവും, രോഗപ്രതിരോധ ശക്തി ഉയർത്തുന്നതിൽ ഫലപ്രദവുമാണെന്ന ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു തീരുമാനമെന്ന് ഖത്തറിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ഡോ. അബ്ദുൽലത്തീഫ് അൽ ഖാൽ അറിയിച്ചു.

12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ തങ്ങളുടെ വാക്സിൻ സുരക്ഷിതവും, രോഗബാധ തടയുന്നതിൽ ഏറെ ഫലപ്രദവുമാണെന്ന പഠന റിപ്പോർട്ട് ഫൈസർ പുറത്തുവിട്ട സാഹചര്യത്തിലാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഈ വിഭാഗങ്ങളിൽ പെടുന്ന കുട്ടികൾക്ക് വാക്സിൻ കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചത്. 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഈ വാക്സിൻ നൽകുന്നതിന് യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകിയിരുന്നു.

ഖത്തറിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 35-ൽ നിന്ന് 30 വയസ്സാക്കി കുറയ്ക്കാൻ തീരുമാനിച്ചതായും ആരോഗ്യ മന്ത്രാലയം മെയ് 12-ന് അറിയിച്ചിട്ടുണ്ട്.