ഖത്തർ: 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

GCC News

രാജ്യത്തെ 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ ലഭിക്കുന്നതിനായുള്ള റജിസ്‌ട്രേഷൻ സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ ഖത്തർ ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ ലഭ്യമാണെന്നും, ഇതിനായുള്ള റജിസ്‌ട്രേഷൻ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പൂർത്തിയാക്കാമെന്നും അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ നൽകാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം മെയ് 12-ന് അറിയിച്ചിരുന്നു. ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇതിനായി റജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്തവർക്ക് വാക്സിൻ ലഭിക്കുന്ന തീയ്യതികൾ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ നേരിട്ട് അറിയിക്കുന്നതാണ്.

ഖത്തറിൽ 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ ലഭിക്കുന്നതിനുള്ള റജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ:

  • ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ COVID-19 വാക്സിനേഷൻ റജിസ്‌ട്രേഷൻ വെബ്സൈറ്റ് https://app-covid19.moph.gov.qa/en/instructions.html എന്ന വിലാസത്തിൽ സന്ദർശിക്കുക.
  • കുട്ടികൾക്ക് ഈ റജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിന് NAS അക്കൗണ്ട് ആവശ്യമില്ല.
  • ഈ പേജിൽ നിന്ന് ‘To register for a vaccine appointment for your 12-18 yo child’ എന്ന ബട്ടൺ അമർത്തിക്കൊണ്ട്, കുട്ടികളുടെ റജിസ്‌ട്രേഷൻ പേജായ https://eservices.phcc.gov.qa/Runtime/Runtime/Form/COVID19VaccinationRequestv3 സന്ദർശിക്കുക.
  • ഈ പേജിൽ കുട്ടികളുടെ QID നൽകി ‘Verify’ ബട്ടൺ അമർത്തുക. കുട്ടികളുടെ QID-യുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഫോൺ നമ്പറിൽ ഒരു പാസ്സ്‌കോഡ് ലഭിക്കുന്നതാണ്.
  • റജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതോടെ രക്ഷിതാക്കൾക്ക് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽ നിന്ന് വാക്സിൻ നൽകുന്ന തീയ്യതി, സമയം എന്നിവ അറിയിച്ച് കൊണ്ടുള്ള SMS ലഭിക്കുന്നതാണ്.

രാജ്യത്തെ 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ കുത്തിവെപ്പ് നൽകുന്നതിലൂടെ സമൂഹത്തിൽ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപായി ഈ പ്രായവിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് സംരക്ഷണം ഉറപ്പ് വരുത്തുന്നതിനും ഖത്തർ ലക്ഷ്യമിടുന്നു. ഈ പ്രായ വിഭാഗത്തിൽ ഫൈസർ വാക്സിൻ ഏറെ സുരക്ഷിതവും, രോഗപ്രതിരോധ ശക്തി ഉയർത്തുന്നതിൽ ഫലപ്രദവുമാണെന്ന ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു തീരുമാനമെന്ന് ഖത്തറിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ഡോ. അബ്ദുൽലത്തീഫ് അൽ ഖാൽ നേരത്തെ അറിയിച്ചിരുന്നു.